വനിതാ ഡോക്ടറുടെ കൊലപാതകം ആസൂത്രിതമോ? മുഖ്യപ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ

ഈ മാസം 8-9 രാത്രിയാണ് മെഡിക്കൽ പിജി വിദ്യാർഥിനി സെമിനാർഹാളിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്
kolkata doctor murder cbi investigates psychoanalytic tests
വനിതാ ഡോക്ടറുടെ കൊലപാതകം ആസൂത്രിതമോ എന്ന് പരിശോധിക്കാൻ സിബിഐfile image
Updated on

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൊൽക്കത്ത ബലാത്സംഗക്കൊലക്കേസിൽ സിബിഐ പരിശോധിക്കുന്നത് ഒന്നിലേറെ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത. വനിതാ ഡോക്റ്ററുടെ കൊലപാതകം ആസൂത്രിതമാണോ എന്നും കേന്ദ്ര ഏജൻസി അന്വേഷിക്കും. മുഖ്യപ്രതി സഞ്ജയ് റോയി, ആർജി കർ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംഭവ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു ഡോക്റ്റർമാർ തുടങ്ങിയവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണു സിബിഐയുടെ തീരുമാനം. ഇതിനു കോടതിയുടെ അനുമതി ലഭിച്ചു.

സിസിടിവി ദൃശ്യങ്ങളുടെയും മൃതദേഹത്തിനു സമീപം കണ്ടെത്തിയ ബ്ലൂ ടൂത്തിന്‍റെയും അടിസ്ഥാനത്തിലാണു കോൽക്കത്ത പൊലീസിലെ സിവിക് വൊളന്‍റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം 8-9 രാത്രിയാണ് മെഡിക്കൽ പിജി വിദ്യാർഥിനി സെമിനാർഹാളിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി ഈ സെമിനാർ ഹാളിലെ വാതിലിന്‍റെ കൊളുത്ത് പോയിരുന്നു. അതിനാൽ വാതിൽ അകത്തുനിന്ന് അടച്ചുപൂട്ടാനാകുമായിരുന്നില്ല.

രാത്രി 2.45ന് സെമിനാർ ഹാളിലെത്തിയ ഹൗസ് സർജൻ, കൊല്ലപ്പെട്ട വനിതാ ഡോക്റ്ററുമായി സംസാരിച്ചിരുന്നു. ഇരയെ കൂടാതെ രണ്ട് ഒന്നാം വർഷ പിജി വിദ്യാർഥികളും സെമിനാർ ഹാളിൽ രാത്രിയിൽ കുറച്ചു സമയം ഉണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ ഒമ്പതരയ്ക്ക് ഇവരിൽ ഒരാളാണ് മൃതദേഹം ആദ്യമായി കണ്ടത്. ഇയാളാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. വിദ്യാർഥിനി ആക്രമിക്കപ്പെടുമ്പോൾ ഹാളിനു പുറത്ത് മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്ന് സംശയമുണ്ടെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. സെമിനാർ ഹാളിനടുത്തേക്ക് മറ്റുള്ളവർ വരുന്നത് തടയാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ, വിദ്യാർഥിനിയുടെ നിലവിളി ആരും കേൾക്കാത്തതെന്ത്, വാതിലിന്‍റെ കൊളുത്ത് തകരാറിലാക്കിയത് മനഃപൂർവമോ തുടങ്ങിയ കാര്യങ്ങളും സിബിഐ പരിശോധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com