
കോൽക്കത്ത ബലാത്സംഗം: പ്രതികൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കോളെജിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വിദ്യാർഥിനിയുടെ പരാതിയിലെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ പ്രതികൾ കോളെജിലെ സുരക്ഷാ ജീവനക്കാരന്‍റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്‍റെയും ഇരയുടെയും നീക്കങ്ങള്‍ ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥി യൂണിയന്‍റെ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ ജീവനക്കാരന്‍റെ മുറിയില്‍ നിന്നും മുടിയിഴകള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മൂന്ന് മുറികളിലും ബലപ്രയോഗത്തിന്‍റെ വ്യക്തമായ സൂചനകളുണ്ട്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.