കോൽക്കത്ത ദുരന്തം; പന്തൽ തകരുകയാണെന്ന് പ്രഖ്യാപിച്ച് പരിഭ്രാന്തി സൃഷ്ടിച്ചെന്ന കേസിൽ ദുർഗാപൂജ ട്രഷറർ അറസ്റ്റിൽ

വ്യാഴാഴ്ച നാദിയ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു
Kolkata Tragedy: Durga Puja Treasurer Arrested

കോൽക്കത്ത ദുരന്തം: ദുർഗാപൂജ ട്രഷറർ അറസ്റ്റിൽ

Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിൽ കഴിഞ്ഞയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ച സംഭവത്തിൽ പൂജാ കമ്മിറ്റി ട്രഷറർ അറസ്റ്റിൽ. സഞ്ജിബ് റാഹ എന്ന സെന്‍റു ആണ് അറസ്റ്റിലായത്. പന്തലിന്‍റെ ഒരു ഭാഗം തകരുകയാണെന്ന് പ്രഖ്യാപിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെള്ളിയാഴ്ച അറിയിച്ചു.

വ്യാഴാഴ്ച നാദിയ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചോർബഗാൻ ദുർഗാപൂജ പന്തലിൽ അറിയിപ്പ് നടത്തിയിരുന്ന രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഒക്റ്റോബർ 17-ന് വൈകിട്ടാണ് ദുരന്തമുണ്ടായത്. മഴയ്ക്കിടെ പന്തലിൽ ജനത്തിരക്ക് വർധിച്ചതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പന്തൽ തകരുകയാണെന്നും സന്ദർശകർ ഉടൻ സ്ഥലംവിടണമെന്നും ഇരുവരും അറിയിപ്പ് നൽകുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ അറിയിപ്പ് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുകയും പുറത്തേക്കുള്ള കവാടത്തിലേക്ക് ആളുകൾ കൂട്ടത്തോടെ നീങ്ങാൻ ഇടയാക്കുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം.

സംഭവത്തിനുശേഷം സഞ്ജിബിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ ഇയാൾ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി സംശയാസ്പദമായ എട്ട് മൊബൈൽ നമ്പറുകൾ അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു.

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായിരുന്നോ, മറ്റ് അശ്രദ്ധകൾ അപകടത്തിന് കാരണമായോ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com