വിവേകാനന്ദന്‍റെ ചിത്രം വികൃതമാക്കിയ സംഭവം; രണ്ട് വിദ്യാർഥിനികളെ പുറത്താക്കി കോൽക്കത്ത പ്രസിഡൻസി സർവകലാശാല

സംഭവത്തിൽ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർവകലാശാല അധികൃതർ ശനിയാഴ്ച അറിയിച്ചു
Kolkata's Presidency University expels female students

വിദ്യാർഥിനികളെ പുറത്താക്കി കോൽക്കത്ത പ്രസിഡൻസി സർവകലാശാല

Updated on: 

കോൽക്കത്ത: സ്വാമി വിവേകാനന്ദന്‍റെ ചിത്രം പതിച്ച പോസ്റ്ററിൽ അധിക്ഷേപകരമായ പരാമർശങ്ങൾ എഴുതുകയും മറ്റ് സംഘടനകൾക്കെതിരേ അപകീർത്തി പരാമർശം നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ രണ്ട് വിദ്യാർഥിനികളെ കോൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല പുറത്താക്കി. സംഭവത്തിൽ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർവകലാശാല അധികൃതർ ശനിയാഴ്ച അറിയിച്ചു.

പുറത്താക്കപ്പെട്ട വിദ്യാർഥിനികളുടെ പേരുവിവരങ്ങൾ സർവകലാശാല പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിവിധ വിഭാഗങ്ങളിലുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് അന്വേഷണ സമിതി നടപടിക്ക് ശുപാർശ ചെയ്തത്. പുറത്താക്കപ്പെട്ട വിദ്യാർഥിനികൾക്ക് സർവകലാശാലയിലെ തുടർ അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ സർവകലാശാലയിലെ ഏതെങ്കിലും ഡിഗ്രി കോഴ്‌സിൽ പ്രവേശനം നേടുന്നതിനും ഇവർക്ക് അർഹതയുണ്ടാകില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അക്കാദമിക ചർച്ചകളിലും സംവാദങ്ങളിലും മാന്യത പുലർത്തുന്നതിനാണ് സർവകലാശാല എക്കാലവും പ്രാധാന്യം നൽകുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ശാസ്ത്രീയവും സാമൂഹിക-രാഷ്ട്രീയവുമായ വിഷയങ്ങളിലെ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സർവകലാശാല, ചിന്തകർക്കും ആശയങ്ങൾക്കും സംഘടനകൾക്കുമെതിരായ അധിക്ഷേപങ്ങൾ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഒക്റ്റോബർ 13ന് സർവകലാശാലാ ക്യാമ്പസിൽ എബിവിപി സ്ഥാപിച്ച സ്വാമി വിവേകാനന്ദന്‍റെ ചിത്രം പതിച്ച പോസ്റ്ററിൽ അധിക്ഷേപകരമായ പരാമർശങ്ങൾ എഴുതിയെന്ന ആരോപണത്തോടെയാണ് വിവാദം ആരംഭിച്ചത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി പൊലീസിൽ പരാതി നൽകുകയും കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തു. സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ സംഘടന പ്രതിഷേധവും സംഘടിപ്പിച്ചു.

അതേസമയം, ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. പോസ്റ്റർ വികൃതമാക്കിയ നടപടിയെ സംഘടന അപലപിച്ചു. സ്വാമി വിവേകാനന്ദനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിക്ക് ഒരു ഇടതുപക്ഷ സംഘടനയും തുടക്കമിടുകയോ അതിൽ പങ്കാളികളാകുകയോ ചെയ്തിട്ടില്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.