ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് സമർപ്പിച്ചു

2029ൽ നടപ്പാക്കാൻ നിയമ കമ്മിഷൻ ശുപാർശ ചെയ്തേക്കും
Kovind panel submits report on One Nation, One Election
Kovind panel submits report on One Nation, One Election

ന്യൂഡൽഹി: പഞ്ചായത്ത് മുതൽ പാർലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതു പരിശോധിച്ച ഉന്നതതല സമിതി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. ആദ്യ ചുവടുവയ്പ്പായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കണമെന്നാണു മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സമിതിയുടെ ശുപാർശ. ഇതിനുശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താം. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി ഒരു വോട്ടർപട്ടികയും തിരിച്ചറിയൽ കാർഡും മതിയാകും.

തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുമ്പോൾ വിഭവങ്ങളുടെ അനാവശ്യ ഉപയോഗം തടയാനും വികസനവേഗത്തിലെ തടസങ്ങൾ ഒഴിവാക്കാനും ജനാധിപത്യ അടിത്തറ ഉറച്ചതാക്കാനും കഴിയുമെന്നു 18000 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ 321 പേജുകളാണ് മാധ്യമങ്ങൾക്കു ലഭ്യമാക്കിയത്.

തെരഞ്ഞെടുപ്പ് ഏകീകരണത്തിന്‍റെ ആവശ്യം ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാംനാഥ് കോവിന്ദ് കമ്മിറ്റിക്കു പുറമേ നിയമ കമ്മിഷനും ഏകീകൃത തെരഞ്ഞെടുപ്പിനായി റിപ്പോർട്ട് തയാറാക്കുന്നുണ്ട്. രാംനാഥ് കോവിന്ദിന്‍റെ റിപ്പോർട്ടിൽ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കാൻ പ്രത്യേക സമയം നിർദേശിച്ചിട്ടില്ല. എന്നാൽ, 2029ൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാൻ നിയമ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ടാകുമെന്ന് അറിയുന്നു.

2023 സെപ്റ്റംബര്‍ രണ്ടിനാണ് സമിതിയെ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ. കെ. സിങ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

47 രാഷ്‌ട്രീയ കക്ഷികളാണ് രാംനാഥ് കോവിന്ദ് സമിതിക്കു മുന്നിൽ അഭിപ്രായം അറിയിച്ചത്. 32 പാർട്ടികൾ ആശയത്തെ പിന്തുണച്ചു. കോൺഗ്രസ്, ഡിഎംകെ, എഎപി, ഇടതുപാർട്ടികൾ തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ബിജെപിയും എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പിനെ അനുകൂലിച്ച ദേശീയ പാർട്ടികൾ.

റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ

- എല്ലാ വർഷവും തെരഞ്ഞെടുപ്പ് വരുന്നത് വികസനത്തെ ബാധിക്കു, ഒരേ ജോലികൾ ആവർത്തിക്കേണ്ടിവരുന്നു, വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗത്തിനിടയാക്കുന്നു.

- ആദ്യ ചുവടുവയ്പ്പായി ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുക, 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്തുക.

- ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് എന്നായിരിക്കണമെന്നു രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.

-ആദ്യ സിറ്റിങ് നടക്കുന്നത് നിയമന ദിനമായി പരിഗണിക്കണം.

- തൂക്ക് സഭ, അവിശ്വാസപ്രമേയം തുടങ്ങി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭകളോ ലോക്‌സഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ്.

- സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാൻ പ്രത്യേകരു സംഘത്തെ നിയോഗിക്കണം.

- ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പു നടത്താൻ അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം.

- എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടർ പട്ടികയും വേണം, ഇതിനും ഭരണഘടനാ ഭേദഗതി.

- തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോൾ അധികമായി വോട്ടിങ് യന്ത്രങ്ങൾ അടക്കം ക്രമീകരിക്കണം.

നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇങ്ങനെ

ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും നവംബറിൽ ഹരിയാനയിലും മഹാരാഷ്‌ട്രയിലും തെരഞ്ഞെടുപ്പ്. അടുത്ത വർഷം ഝാർഖണ്ഡും ബിഹാറും ഡൽഹിയും പോളിങ് ബൂത്തിലേക്ക്. 2026ൽ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി ജനവിധി. 2027ൽ മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കും. 2028ൽ അവശേഷിക്കുന്ന 10 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്. 2029ൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണമെങ്കിൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കേണ്ടിവരും. ചില സംസ്ഥാനങ്ങളിൽ കാലാവധി നീട്ടേണ്ടിയും വരാം. ഇതിനായി പുതിയ പാർലമെന്‍റ് ചേരുമ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കണം.

Trending

No stories found.

Latest News

No stories found.