

അരുണാചലിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിനു സമീപം നിയന്ത്രണരേഖയില്‍ (എല്‍എസി) ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം വന്നതോടെ അതിര്‍ത്തിപ്രദേശം വീണ്ടും സംഘര്‍ഷഭരിതമായി. പട്രോളിംഗിനിടെ ഇരുപക്ഷത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞത്.
അരുണാചല്‍ പ്രദേശിന്മേലുള്ള ചൈനയുടെ അവകാശവാദങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ഇരുരാജ്യങ്ങളും തമ്മില്‍ അതീവ ഗൗരവകരമായ വിഷയമായി തുടരുന്ന സാഹചര്യത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിക്കൊണ്ടുള്ള ഒരു പുതിയ ഭൂപടം ചൈന അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് ഇന്ത്യന്‍ കരസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ജൂലൈ 26-ലേതാണ് ഈ ചിത്രമെന്നാണു കരുതപ്പെടുന്നത്. അന്ന് യഥാര്‍ഥ നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതിനിടെ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ മുഖാമുഖം വരികയും 'ബാനര്‍ ഡ്രില്‍' നടത്തുകയും ചെയ്തിരുന്നു. ചൈനീസ്, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയ ബാനര്‍ ചൈനീസ് സൈനികര്‍ പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. ഇരുപക്ഷത്തെയും മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഇടപെട്ടതോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.
കിഴക്കന്‍ ലഡാക്കിലെ 'എല്‍എസി' മേഖലയില്‍ 2020-ല്‍ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. 2020 ജൂണ്‍ 15ന് നടന്ന അതിക്രൂരമായ സംഘട്ടനത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായും കണക്കാക്കുന്നുണ്ട്.
പട്രോളിംഗിനിടെ ഇരുപക്ഷത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞത്
സ്ഥിതിഗതികള്‍ ശാന്തം: ചൈന
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം 'നിലവില്‍ ശാന്തമാണെന്ന് ' ബുധനാഴ്ച ചൈന വ്യക്തമാക്കി. എന്നാല്‍ അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം ചൈനീസ് സൈനിക നീക്കം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ 'ഏറ്റവും ഗൗരവമേറിയവ' ആണെന്നും, അതിര്‍ത്തിയിലെ സാഹചര്യം ഉഭയകക്ഷി ബന്ധങ്ങളുടെ മൊത്തത്തിലുള്ള ഗതിയെ നിര്‍ണയിക്കുന്നതിനാല്‍ നിയന്ത്രണരേഖയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നത് 'പ്രധാന'മാണെന്നും ഇന്ത്യ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ ഇക്കാര്യം പറഞ്ഞത്.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി മേഖലയില്‍ ചൈനീസ് സൈന്യം നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കും അവയുടെ ഔദ്യോഗിക നാമങ്ങള്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ബീജിങ് വിമര്‍ശിച്ചതിനെയും ന്യൂഡല്‍ഹി തള്ളി.