സോനം വാങ്ചുക്കിന് പാക് ബന്ധം; വെളിപ്പെടുത്തലുമായി ലഡാക്ക് ഡിജിപി

പാക് ഇന്‍റലിജൻസ് ഏജന്‍റിന് വാങ്ചുക്ക് ലഡാക്കിലെ പ്രക്ഷോഭങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ അയച്ചിരുന്നെന്നും ഡിജിപി
ladakh protest updates

എസ്.ഡി. സിങ് ജംവാൾ, സോനം വാങ്ചുക്ക്

Updated on

ലെ: ലഡാക്ക് സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നു ഡിജിപി എസ്.ഡി. സിങ് ജംവാൾ. കഴിഞ്ഞമാസം അറസ്റ്റിലായ പാക് ഇന്‍റലിജൻസ് ഏജന്‍റിന് വാങ്ചുക്ക് ലഡാക്കിലെ പ്രക്ഷോഭങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ അയച്ചിരുന്നെന്നും ലെയിൽ മാധ്യമപ്രവർത്തകരെ കണ്ട ജംവാൾ പറഞ്ഞു. ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ ജോധ്പുർ ജയിലിലേക്കു മാറ്റിയിരുന്നു.

പാക്കിസ്ഥാനിൽ ഡോൺ പത്രം സംഘടിപ്പിച്ച പരിപാടിയിൽ വാങ്ചുക്ക് പങ്കെടുത്തു. ഇയാൾ ബംഗ്ലാദേശിലും സന്ദർശനം നടത്തി. അറബ് വസന്തവും നേപ്പാളിലെയും ബംഗ്ലാദേശിലെയും ഭരണവിരുദ്ധ കലാപവും പരാമർശിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണ് വലിയ കലാപത്തിലേക്കു നയിച്ചത്. വാങ്ചുക്കുമായി ബന്ധം പുലർത്തിയിരുന്നെന്ന് അറസ്റ്റിലായ പാക് ഏജന്‍റാണ് വെളിപ്പെടുത്തിയതെന്നും ജംവാൾ.

വാങ്ചുക്കിന്‍റെ വിദേശ സന്ദർശനങ്ങൾ സംശയാസ്പദമാണ്. ഇയാൾക്ക് വിദേശത്തു നിന്നു പണം ലഭിച്ചിട്ടുണ്ട്. കേന്ദ്രവും ലഡാക്ക് ഉന്നതാധികാര സമിതിയുമായുള്ള ചർച്ചകൾ പൂർണമായി തന്‍റെ വരുതിയിലാക്കാനാണ് ഇയാൾ ശ്രമിച്ചത്. സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനും ശ്രമിച്ചു.

സംഘർഷത്തിനു പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന ലെഫ്റ്റനന്‍റ് ഗവർണർ കവിന്ദർ ഗുപ്തയുടെ ആരോപണം പരാമർശിച്ച ഡിജിപി, മൂന്നു നേപ്പാൾ പൗരന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. സംഘർഷത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് തലങ്ങുംവിലങ്ങും വെടിയുതിർത്തെന്ന ആരോപണം ഡിജിപി തള്ളി. ആക്രമണം ഒരുവിധത്തിലും തടയാനാവാതെ വന്നപ്പോഴാണ് വെടിയുതിർത്തത്. ഡിജിപി പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com