ക്ലാസുകൾ നിർത്തിവയ്ക്കണം; സോനം വാങ്ചുക്കിന്‍റെ സ്കൂൾ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി ലഡാക്ക് ഭരണകൂടം

ലേയിലെ തഹസിൽദാർ സ്കൂളിന്‍റെ സ്ഥാപകയും സിഇഒയുമായ ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോയ്ക്കാണ് (സോനം വാങ്‌ചുക്കിന്‍റെ ഭാര്യ) നോട്ടീസ് അയച്ചിരിക്കുന്നത്
Ladakh Sends Notice To Sonam Wangchuks School

സോനം വാങ്ചുക്ക്

Updated on: 

ലേ: കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്കിന്‍റെ ലേയിലെ സ്കൂൾ അടയ്ക്കാൻ നോട്ടീസ് നൽകി ലഡാക്ക് ഭരണകൂടം. ആവശ്യമായ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ചാണ് 'ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്, ലഡാക്ക്' എന്ന സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഭരണകൂടം ആവശ്യപ്പെട്ടത്.

ലേയിലെ തഹസിൽദാർ സ്കൂളിന്‍റെ സ്ഥാപകയും സിഇഒയുമായ ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോയ്ക്കാണ് (സോനം വാങ്‌ചുക്കിന്‍റെ ഭാര്യ) നോട്ടീസ് അയച്ചിരിക്കുന്നത്. ആവശ്യമായ അനുമതികളോ അംഗീകാരങ്ങളോ, എൻഒസി സർട്ടിഫിക്കറ്റോ ലഭിക്കുന്നതിന് മുൻപ് തന്നെ സ്കൂളിൽ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചു എന്നാണ് ലേ ഭരണകൂടത്തിന്‍റെ ആരോപണം.

സ്കൂളിന്‍റെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ജമ്മു കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ സ്കൂളിൽ ക്ലാസുകൾ നടത്തരുതെന്നും നിലവിലെ സ്ഥിതി കർശനമായി പാലിക്കണമെന്നുമാണ് നോട്ടീസിലുള്ളത്.