

"ദീപത്തൂൺ ക്ഷേത്രത്തിലെ ദീപം കൊളുത്താനുള്ളതല്ല"; ഹൈക്കോടതിയിൽ തമിഴ്നാട് സർക്കാരിന്‍റെ സത്യവാങ്മൂലം
ന്യൂഡൽഹി: തിരുപ്പറങ്കുണ്ട്രം മലമുകളിലെ ദർഗയ്ക്കു സമീപമുള്ള "ദീപത്തൂൺ' ക്ഷേത്രത്തിലെ ദീപം കൊളുത്താനുള്ളതല്ലെന്നു മദ്രാസ് ഹൈക്കോടതിയിൽ തമിഴ്നാട് സർക്കാർ. ഇതു ജൈനമതവുമായി ബന്ധപ്പെട്ട നിർമിതിയായിരിക്കാമെന്നാണു തമിഴ്നാട് ഹിന്ദു മതധർമസ്ഥാപന വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദം.
ദീപത്തൂണിൽ കാർത്തികദീപം കൊളുത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ തിരുപ്പറങ്കുണ്ട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണം നിർവഹിക്കുന്ന തമിഴ്നാട് ഹിന്ദു മതധർമ സ്ഥാപന വകുപ്പിനു വേണ്ടി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറാണു സത്യവാങ്മൂലം നൽകിയത്. ഇതു കാർത്തിക ദീപത്തിനുള്ള തൂണല്ല, സമാനദീപത്തൂൺ ആയിരിക്കുമെന്നും എക്സിക്യൂട്ടിവ് ഓഫിസർ പറയുന്നു.
കേസ് പരിഗണിച്ചപ്പോൾ, മലമുകളിലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപമുള്ള ദീപത്തൂൺ ക്ഷേത്രത്തിന്‍റേതെന്ന് സർക്കാർ പറഞ്ഞു.
എന്നാൽ, കാർത്തികദീപം കൊളുത്തുന്നത് ഇവിടെയല്ലെന്നു പറഞ്ഞ സർക്കാർ 1920ൽ എഴുതപ്പെട്ട ഒരു പുസ്തകം ഇതിന് പിൻബലമായി കോടതിയിൽ സമർപ്പിച്ചു. ക്ഷേത്രം അധികൃതർ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും കൃത്യമായി പാലിച്ചെന്നും സർക്കാർ. എവിടെ വിളക്കു കൊളുത്തണമെന്നു പറയാൻ ഭക്തർക്ക് അധികാരമില്ലെന്നു കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ പറഞ്ഞിരുന്നു.