
ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ
പറ്റ്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി നുഴഞ്ഞുകയറിയ നിരവധി പേരെ കണ്ടെത്തിയെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ. ബ്ലോക്ക് തല ഓഫിസർമാർ വീടുവീടാന്തരം നടത്തിയ പരിശോധനയിലാണ് അതീവ ഗൗരവമേറിയ കണ്ടെത്തൽ. അനധികൃത മാർഗങ്ങളിലൂടെ ഇവർ ആധാർ, താമസ സർട്ടിഫിക്കെറ്റ്, റേഷൻകാർഡ് തുടങ്ങിയവ സ്വന്തമാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വോട്ടർ പട്ടികയിൽനടത്തുന്ന സമഗ്ര പരിശോധന (എസ്ഐആർ) നിയമയുദ്ധത്തിനിടയാക്കിയിരിക്കെയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ആധാറും റേഷൻ കാർഡും വോട്ടർ ഐഡിയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള രേഖകളായി പരിഗണിച്ചുകൂടേയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. ആധാർ പൗരത്വ രേഖയല്ലെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിലപാട്. വിയോജിപ്പുണ്ടെങ്കിൽ മതിയായ കാരണം ഉൾപ്പെടെ അറിയിക്കാനാണു കമ്മിഷന് കോടതിയുടെ നിർദേശം.
ഇന്ത്യൻ പൗരന്മാരല്ലെന്നു കണ്ടെത്തിയവരുടെ വിവരം ഓഗസ്റ്റ് ഒന്നു മുതൽ 30 വരെ വിശദമായി പരിശോധിക്കും. ആരോപണം സത്യമെന്നു തെളിഞ്ഞാൽ ഇവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ജൂൺ 24നാണു വോട്ടർ പട്ടികയിൽ പ്രത്യേക പരിശോധന തുടങ്ങിയത്. 2003ലായിരുന്നു ഇതിനു മുൻപ് ഇത്തരമൊരു പരിശോധന. അതിവേഗത്തിലുള്ള നഗരവത്കരണം, കുടിയേറ്റം, പതിനെട്ടു തികഞ്ഞ പുതിയ വോട്ടർമാരുടെ എണ്ണത്തിലെ വർധന, മരണം റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചകൾ, അയൽ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം തുടങ്ങി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു കമ്മിഷൻ വീടുവീടാന്തരം പരിശോധന ആരംഭിച്ചത്.
എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള പരിശോധനയ്ക്കു പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീം കോടതി വോട്ടർ പട്ടികയിലെ പരിശോധന തടഞ്ഞില്ല. എന്നാൽ, പരിശോധനയ്ക്കായി തെരഞ്ഞെടുത്ത സമയം സംശയമുണ്ടാക്കുന്നതാണെന്നു നിരീക്ഷിച്ചു.