വിനോദസഞ്ചാരികളുടെ വേഷത്തിൽ കടൽമാർഗമുള്ള ആക്രമണത്തിന് ലഷ്‌കർ ഭീകരർക്ക് പരിശീലനം; ഇന്ത്യയ്ക്ക് ഭീഷണി

കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ സ്കൂബ ഡൈവിങ്, കോംബാറ്റ് സ്വിമ്മിങ്, വെള്ളത്തിനടിയിലെ സൈനിക നീക്കങ്ങൾ തുടങ്ങിയവയിലാണ് ഭീകരർക്ക് പരിശീലനം നൽകുന്നത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ന്യൂഡൽഹി: വിനോദസഞ്ചാരികളെന്ന വ്യാജേന പാക്കിസ്ഥാനിലെ ചരന ദ്വീപിൽ ലഷ്‌കർ ഇ- ത്വയ്ബ ഭീകരർക്ക് കടൽമാർഗമുള്ള ആക്രമണങ്ങൾക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ട്. കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ സ്കൂബ ഡൈവിങ്, കോംബാറ്റ് സ്വിമ്മിങ്, വെള്ളത്തിനടിയിലെ സൈനിക നീക്കങ്ങൾ തുടങ്ങിയവയിലാണ് ഭീകരർക്ക് പരിശീലനം നൽകുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ മുൻദ്ര തുറമുഖത്തിൽ നിന്ന് 246 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് കറാച്ചി.

കറാച്ചിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ചരന ദ്വീപ്. സ്കൂബ ഡൈവിങിന് അനുയോജ്യമായ നിരവധി സ്ഥലങ്ങളുള്ള ഇവിടെ വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് ഭീകരർ എത്തുന്നത്. ലഷ്‌കറിന്‍റെ 'ദവ മറൈൻ വിങ്' അഥവാ 'സദാ-ഇ-ഹുറിയത്ത്' വിഭാഗത്തിൽപ്പെട്ടവരാണ് പരിശീലനം നേടുന്നതെന്നാണ് വിവരം. ലഷ്‌കറിന്‍റെ തന്നെ പ്രോക്സി സംഘടനയായ പാക്കിസ്ഥാൻ മർകസി മുസ്‌ലിം ലീഗിലെ (പിഎംഎംഎൽ) അംഗങ്ങളാണ് പരിശീലകർ. കടൽമാർഗമുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലഷ്‌കർ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ലഷ്‌കർ ഭീകരർ കടൽമാർഗമാണ് നഗരത്തിലെത്തിയത്. 2008 മുതൽ സംഘടനയ്ക്ക് ചെറിയൊരു മറൈൻ വിഭാഗമുണ്ട്. നിലവിൽ കടൽമാർഗം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള നീക്കത്തിലാണ് സംഘടനയെന്നാണ് സൂചന. നേരത്തേ പാക് അധീന കശ്മീരിലെ മംഗ്ല അണക്കെട്ടിലും ഭീകരകേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങളിലും ലഷ്‌കർ സമാനമായ പരിശീലനം നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതിനിടെ യുവാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്ത ലഷ്‌കർ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ ആറ് കേന്ദ്രങ്ങളിൽ കൗണ്ടർ ഇന്‍റലിജൻസ് കശ്മീർ പരിശോധന നടത്തി. ബുദ്ഗാം, ശ്രീനഗർ, ബിജ്ബെഹറ, അനന്ത്നാഗിലെ മട്ടൻ, പുൽവാമ എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച രാവിലെ പരിശോധന നടന്നത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.