
ജഗ്ദീപ് ധന്‍കര്‍
ഡൽഹി: സുപ്രീം കോടതിക്കും ജഡ്ജിമാർക്കും എതിരേയുളള പരാമർശത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. അറ്റോർണി ജനറലിന് മുമ്പാകെ സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ഹർജി നൽകിയത്.
കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന ഉപരാഷ്ട്രപതിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. നിയമസഭകൾ പാസാക്കുന്ന ബില്ലിൽ ഒപ്പിടുന്നതിൽ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയായിരുന്നു ഉപരാഷ്ട്രപതി പ്രതികരിച്ചത്.
കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചിരുന്നു.
എന്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത്? രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉന്നയിച്ചത്.