
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുൻ ക്യാപ്റ്റനുമായിരുന്ന ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസ്സായിരുന്നു.
1967-1979 വരെ ഇന്ത്യൻ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളിൽ ഏഴ് വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചത് ബേദിയുടെ ബൗളിങ് മികവായിരുന്നു. 1975 ലെ ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായിരുന്നു ഇന്ത്യയുടെ വിജയം.
1946 സെപ്റ്റംബർ 25 ന് അമൃത്സറിലാണ് ബേദി ജനിച്ചത്. 1971 ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തിൽ അജിത് വഡേക്കറുടെ അഭാവത്തിൽ ടീമിനെ നയിച്ചതും ബേദിയായിരുന്നു. ഏറപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ ബൗളിങ്ങിൽ വിപ്ലവം തീർത്തയാൾ കൂടിയാണ് ബേദി.