രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം കൂടി

രാജ്യത്തെ വനങ്ങളിൽ ഇപ്പോൾ 13,874 പുള്ളിപ്പുലികൾ, കൂടിയത് ആയിരത്തിലേറെ, ക്രമാതീതമായി ഉയരുന്നത് മധ്യേന്ത്യയിൽ
Leopard
LeopardFile photo

ന്യൂഡൽഹി: രാജ്യത്തെ വനങ്ങളിലാകെയുള്ളത് 13,874 (12,616 - 15,132)പുള്ളിപ്പുലികൾ. 2022ൽ നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ചേർന്നു നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. നാലു വർഷം കൊണ്ട് പുലികളുടെ എണ്ണം ആയിരത്തിലേറെ വർധിച്ചു. 2018ൽ 12,852 (12,172 -13,535) പുലികളെയാണു കണക്കെടുപ്പിൽ കണ്ടെത്തിയത്.

ഹിമാലയവും വരണ്ട മേഖലകളും ഒഴിവാക്കിയശേഷമായിരുന്നു കണക്കെടുപ്പ്. പുലികളുടെ ആവാസവ്യവസ്ഥയിൽ 70 ശതമാനവും പരിശോധനയിൽ ഉൾപ്പെട്ടതായി അധികൃതർ.

മധ്യേന്ത്യയിലാണു പുലികളുടെ എണ്ണം ക്രമമായി ഉയരുന്നതെന്നും കണ്ടെത്തി. 2018ൽ 8071 ആയിരുന്നത് ഇപ്പോൾ 8820 ആയി വർധിച്ചു.

അതേസമയം, ശിവാലിക്ക് കുന്നുകളിലും ഗംഗാസമതലത്തിലും പുലികൾ കുറഞ്ഞു. ഇവിടെ 1253 പുലികളെയാണ് നാലു വർഷം മുൻപ് കണ്ടെത്തിയത്. ഇപ്പോഴിത് 1109 ആയി കുറഞ്ഞു.

3907 പുള്ളിപ്പുലികളുള്ള മധ്യപ്രദേശാണ് പുലികളുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്‌ട്രയും കർണാടകയും തമിഴ്നാടുമാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. ആന്ധ്രപ്രദേശിലെ നാഗാർജുനസാഗർ ശ്രീശൈലം വനങ്ങളും മധ്യപ്രദേശിലെ പന്ന, സാത്പുര വനങ്ങളുമാണ് പുള്ളിപ്പുലികളാൽ സമ്പന്നം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com