മണിപ്പൂർ സാധാരണ നിലയിലേക്ക്; കർഫ്യൂവിൽ ഇളവ്

സൈന്യത്തിന്‍റെ ഡ്രോണുകളും ഹെലികോപ്റ്ററുകളും കലാപ ബാധിത പ്രദേശത്തു നിരീക്ഷണം തുടരുന്നുണ്ട്.
മണിപ്പൂർ സാധാരണ നിലയിലേക്ക്; കർഫ്യൂവിൽ ഇളവ്

ഇംഫാൽ: കലാപം ആളിക്കത്തിയിരുന്ന മണിപ്പൂർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. മണിപ്പൂരിലെ ചില പ്രദേശങ്ങളിൽ കർഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സൈന്യത്തിന്‍റെ ഡ്രോണുകളും ഹെലികോപ്റ്ററുകളും കലാപ ബാധിക പ്രദേശത്തു നിരീക്ഷണം തുടരുന്നുണ്ട്.

ഞായറാഴ്ച രാവിലെ 7 മണി മുതൽ 10 മണി വരെയുള്ള മൂന്നു മണിക്കൂർ സമയത്തേക്കാണ് ചുരാചന്ദ്പുരിൽ കർഫ്യൂ ഇളവു നൽകിയിരുന്നത്. ഇതേ തുടർന്ന് നിരവധി പേർ ഭക്ഷണവും മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും വാങ്ങുന്നതിനായി പുറത്തേക്കിറങ്ങി.

കർഫ്യൂ ഇളവിന്‍റെ സമയം അവസാനിച്ചതോടെ അസം റൈഫിൾസും സൈന്യവും നഗരത്തിൽ ഫ്ലാഗ് മാർച്ച് നടത്തി. 10,000 സൈനികർ, അർധ സൈനികർ, കേന്ദ്ര പൊലീസ് എന്നിവരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സമൂഹത്തിന്‍റെ അടിത്തട്ടു മുതലേ സമാധാനം ഉറപ്പു വരുത്തുന്നതിനായി എല്ലാ നിയോജക മണ്ഡലത്തിലും സമാധാന കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എൻ ബൈറൺ സിങ് വ്യക്തമാക്കി.

ഇതു വരെയും 23,000 പേരെ കലാപബാധിത പ്രദേശത്തു നിന്ന് രക്ഷപ്പെടുത്തിയെന്നാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. മെയ്തേ സമുദായത്തിന് പട്ടിക വർഗ പദവി നൽകുന്നതിനെതിരേ നടത്തിയ ട്രൈബൽ സോളിഡാരിറ്റി മാർച്ചാണ് സംഘർഷങ്ങൾക്കു തുടക്കമിട്ടത്. ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന മെയ്തേ വിഭാഗമാണ് മണിപ്പൂരിന്‍റെ 53 ശതമാനവും. ഗോത്രവിഭാഗം, കുകി, നാഗാ എന്നിവരെല്ലാം ചേർന്നാലും മണിപ്പൂരിലെ ജനതയുടെ 40 ശതമാനമേ വരൂ. കഴിഞ്ഞ 96 മണിക്കൂറുകളായി സൈന്യവും മറ്റു ഫോഴ്സുകളും സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com