

ലയണൽ മെസി, നരേന്ദ്രമോദി
ന‍്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
ശേഷം സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും മെസി പന്തു തട്ടും. നേരത്തെ മെസി കോൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലെത്തുന്നത്.
മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിൻ ടെൻഡുൾക്കർ അദ്ദേഹത്തിന്‍റെ പത്താം നമ്പർ ജേഴ്സി സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും.
അതേസമയം, കോൽക്കത്തയിലെ മെസിയുടെ സന്ദർശനം വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചിരുന്നു. 10 മിനിറ്റ് സ്റ്റേഡിയത്തിൽ തങ്ങിയ ശേഷം മെസി മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് ഗവർണറുടെ ആവശ‍്യം.