മദ്യനയ അഴിമതി: കെജ്‌രിവാളിന് നേരിട്ടു പങ്ക്

കോഴയായി ലഭിച്ച 45 കോടി രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു
മദ്യനയ അഴിമതി: കെജ്‌രിവാളിന് നേരിട്ടു പങ്ക്| Liquor policy scam Kejriwal directly involved
അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: നൂറു കോടി രൂപയുടെ ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനു നേരിട്ടു ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. പ്രതിസ്ഥാനത്തുള്ള "സൗത്ത് ഗ്രൂപ്പ്' അംഗങ്ങളും വിജയ് നായരുമായി നേരിട്ടുള്ള ഗൂഢാലോചനയിൽ കെജ്‌രിവാൾ പങ്കെടുത്തിട്ടുണ്ട്. ഇടപാടിനെക്കുറിച്ചു പൂർണ വിവരങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. കോഴയായി ലഭിച്ച 45 കോടി രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.

ചാരിയറ്റ് പ്രൊഡക്‌ഷൻസ് ജീവനക്കാരൻ ചാൻപ്രീത് സിങ്ങിന്‍റെ മേൽനോട്ടത്തിൽ 45 കോടി രൂപ കുഴൽപ്പണമായാണു ഗോവയിൽ എത്തിച്ചത്. മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ സെക്രട്ടറി സി. അരവിന്ദും കെജ്‌രിവാളും തമ്മിലുള്ള ചാറ്റ് സന്ദേശങ്ങൾ ഇതിനു തെളിവാണ്.

കെജ്‌രിവാളിന്‍റെ വിശ്വസ്തൻ വിനോദ് ചൗഹാൻ കുഴൽപ്പണ സംഘവുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ മേയിൽ അറസ്റ്റിലായ ചൗഹാനാണ് കുഴൽപ്പണക്കാരിലൂടെ 25 കോടി രൂപ ഗോവയിലെത്തിച്ചതിന് നേതൃത്വം നൽകിയത്.

ഇഡി കുറ്റപത്രം ഡൽഹി കോടതി പരിഗണിക്കുകയും കെജ്‌രിവാളിനെ നാളെ ഹാജരാക്കാൻ വോറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണു കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.

37ാം പ്രതിയാണു കെജ്‌രിവാൾ. എഎപിയാണ് 38ാം പ്രതി. അഴിമതിക്കേസിൽ ഏതെങ്കിലും ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഒരു ദേശീയ പാർട്ടിയെ പ്രതി ചേർക്കുന്നത് രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യം. വൻതോതിൽ തെളിവുകൾ നശിപ്പിച്ചതായും ഏജൻസി അവകാശപ്പെട്ടു.

ഡൽഹി ജൽ ബോർഡ് നിയമനങ്ങളിലും ഒത്തുതീർപ്പിലും ചൗഹാൻ പങ്കാളിയാണെന്നതിന്‍റെ ചാറ്റുകളും കുറ്റപത്രത്തിലുണ്ട്. സൗത്ത് ഗ്രൂപ്പിലെ അഭിഷേക് ബോയിൻപള്ളി മറ്റൊരു പ്രതിയായ അശോക് കൗശിക്കിന് രണ്ട് ബാഗ് പണം നൽകിയെന്നും അത് ചൗഹാനിലേക്ക് പോയെന്നും ഇഡി പറഞ്ഞു.

Trending

No stories found.

Latest News

No stories found.