

ജീവനുള്ള രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു
ലഖ്നൗ: ചികിത്സയിലായിരുന്ന രോഗിയെ മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ ജൂനിയർ റെസിഡന്‍റ് ഡോക്റ്ററും നഴ്സും ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായി മെഡിസിൻ വാർഡിൽ എത്തിയപ്പോഴാണ് രോഗിക്ക് ജീവനുണ്ടെന്ന് മനസിലായത്.
സംഭവത്തിൽ അന്വേഷണത്തിനായി വൈസ് പ്രിൻസിപ്പൽ റിച്ച അഗർവാൾ, ചീഫ് മെഡിക്കൽ സൂപ്രണ്ട് സൗരഭ് അഗർവാൾ, സൂപ്രണ്ട് ഇൻ-ചാർജ് രാകേഷ് സിങ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ആശുപത്രിയിലെ മെഡിസിൻ വാർഡിലുണ്ടായിരുന്ന നിരാലംബരായ രോഗികളിൽ ഒരാളെയാണ് ഡോക്‌റ്റർ മരിച്ചെന്ന് പ്രഖ്യാപിച്ചത്. 42 കാരൻ വിനോദിനെ 42 ആം നമ്പർ കിടക്കയിലും തിരിച്ചറിയാത്ത 60 കാരനെ 43ആം നമ്പർ കിടക്കയിലുമാണ് കിടത്തിയിരുന്നത്. ഇതിൽ 60 കാരൻ ചികിത്സക്കിടെ ശനിയാഴ്ച മരിച്ചു. എന്നാൽ ജൂനിയർ ഡോക്റ്റർ വിനോദിന്‍റെ മെഡിക്കൽ ഫയൽ എടുത്ത് അയാൾ മരിച്ചുവെന്ന് രേഖപ്പെടുത്തി.
പോസ്റ്റുമോർട്ടം നടപടികൾക്കായി ഇക്കാര്യം സ്വരൂപ് നഗർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. മൃതദേഹം മാറ്റാൻ പൊലീസുകാർ എത്തിയപ്പോൾ മരിച്ചെന്ന് ഡോക്‌റ്റർ വിധിയെഴുതിയ വിനോദിന് യാതൊരു കുഴപ്പവുമില്ല. സംഭവം അറിഞ്ഞതോടെ മറ്റ് രോഗികളും പരിഭ്രാന്തിയിലായി. പിന്നീട് ജൂനിയർ ഡോക്റ്റർ കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയുമായിരുന്നു. ജൂനിയർ ഡോക്റ്റർ തെറ്റായി ഫയൽ പൂരിപ്പിച്ചതാണ് പിഴവിന് കാരണമായതെന്ന് സൂപ്രണ്ട് ഇൻ ചാർജ് രാകേഷ് സിങ് പറഞ്ഞു. വിനോദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌റ്റർമാർ പറഞ്ഞു.