ആവേശത്തിൽ മുങ്ങി ഇന്ദിരാ ഭവന്‍

20 ൽ 18 സീറ്റ് നേടിയെങ്കിലും തൃശൂരിൽ കെ. മുരളീധരന്‍റെ പരാജയം കോൺഗ്രസിന് തലവേദനയാകും
ആവേശത്തിൽ മുങ്ങി ഇന്ദിരാ ഭവന്‍

#ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം ഇന്നലെ ഇന്ദിരാ ഭവനില്‍ ആവേശം ആകാശം മുട്ടിച്ചു. യുഡിഎഫിന്‍റെ കുതിപ്പും ഇടതിന്‍റെ കിതപ്പുമാണ് വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ കേരളം കണ്ടത്. മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ 4 പേർ പരാജയമറിഞ്ഞു.

ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം), ആന്‍റോ ആന്‍റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ഇ.ടി. മുഹമ്മദ് ബഷീർ (മലപ്പുറം), എം.പി. അബ്ദുൽ സമദ് സമദാനി (പൊന്നാനി), എം.കെ. രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ. സുധാകരൻ (കണ്ണൂർ), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവരാണ് ലോക്സഭയിലേക്ക് വീണ്ടുമെത്തിയ സിറ്റിങ് എംപിമാർ. കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ. മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെയും ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെയും വോട്ടെണ്ണലിൽ മാറിമറിഞ്ഞ ലീഡ് നില യുഡിഫ് കേന്ദ്രത്തിൽ ആശങ്കയുയർത്തിയെങ്കിലും ഇരുവരുടെയും വിജയം ഒടുവിൽ ആശ്വാസം പകർന്നു.

രാവിലെ മുതല്‍ ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിനും കേരളത്തില്‍ യുഡിഎഫിനും ഫലം അനുകൂലമായതോടെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും കെപിസിസി ആസ്ഥാനത്ത് എത്തി. അന്തിമ ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഇന്ദിരാ ഭവന് മുന്നില്‍ ത്രിവര്‍ണ പതാകകള്‍ വീശി പ്രവര്‍ത്തകര്‍ വിജയമാഘോഷിച്ചു. നിറഞ്ഞ ആകാംക്ഷയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഫല സൂചനകള്‍ വീക്ഷിച്ചത്. ടെലിവിഷനില്‍ തത്സമയ സംപ്രേഷണം കാണാന്‍ ഇന്ദിരാ ഭവനിലെ ഹാളില്‍ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ ഒമ്പതരയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല എത്തി. അല്‍പനേരത്തിനു ശേഷം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, എന്‍. ശക്തന്‍, ടി.യു. രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, പന്തളം സുധാകരന്‍, ജി. സുബോധന്‍, ജി.എസ്. ബാബു, ജോസഫ് വാഴക്കന്‍, മണക്കാട് സുരേഷ്, ചെറിയാന്‍ ഫിലിപ്പ്, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവരും ഡിസിസി നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് ഹാള്‍ നിറഞ്ഞു.

പത്ത് മണിയോടെ തൃശ്ശൂരില്‍ സുരേഷ് ഗോപി ലീഡുറപ്പിച്ചപ്പോള്‍ ആകെ മൂകത നിറഞ്ഞു. പിന്നീട് ഒരോ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ മുന്നേറ്റം നേതാക്കളെയും പ്രവര്‍ത്തകരെയും സന്തോഷത്തിലെത്തിച്ചു. ഇടയ്ക്ക് പിന്നില്‍ പോയ ശശി തരൂര്‍ 1.25ഓടെ ലീഡ് തിരിച്ചു പിടച്ചപ്പോള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് ആഹ്ലാദം അലത്തല്ലി. തുടര്‍ന്ന് 4,490 ലീഡിലേക്ക് ഉയര്‍ന്ന തരൂര്‍ പിന്നിട് തിരഞ്ഞു നോക്കിയില്ല. ലീഡ് 15974 വോട്ടിലേക്ക് തരൂര്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരഘോഷത്തേടെ മുദ്രാവാക്യം മുഴക്കി. ഇതിനിടെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 18സീറ്റുകളില്‍ മുന്നേറുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവരുടെ വിജയം ടെലിവിഷനില്‍ മിന്നിമറയുമ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

തുടര്‍ന്ന് ഉച്ചയൂണിനായി വീട്ടിലേക്ക് പോകാനിറങ്ങിയ ചെന്നിത്തലും ഹസനും ചേര്‍ന്ന് ലഡു വിതരണം നടത്തി. മൂന്നരയോടെ വിജയശ്രീലാളിതനായി എത്തിയ തരൂരിനെ പ്രവര്‍ത്തകര്‍ തോളിലേറ്റി ആഘോഷപൂര്‍വം ഓഫീസിനുള്ളിലെത്തിച്ചു. ആറ്റിങ്ങലിലെ അടൂര്‍ പ്രകാശിന്‍റെ വിജയവും ഉറപ്പിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ പുറത്ത് ബാന്‍ഡ് മേളത്തോടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ഒരു മണിക്കൂറോളം കേരളത്തിലെ യുഡിഎഫിന്‍റെ വിജയം ഇന്ദിരാ ഭവനില്‍ ആഘോഷിച്ച പ്രവര്‍ത്തകര്‍ മറ്റിടങ്ങളിലേക്ക് ആഘോഷത്തിനായി തിരിച്ചു.

അതേസമയം 20 ൽ 18 സീറ്റ് നേടിയെങ്കിലും തൃശൂരിൽ കെ. മുരളീധരന്‍റെ പരാജയം കോൺഗ്രസിന് തലവേദനയാകും. അപ്രതീക്ഷിതമായ തോല്‍വി എന്നതിനൊപ്പം ദയനീയമായി വോട്ട് കുറഞ്ഞതും കോണ്‍ഗ്രസിനെ വലയ്ക്കുകയാണ്. കോണ്‍ഗ്രസിലെ പ്രധാന നേതാവ് സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയതു വരും ദിവസങ്ങളിൽ സംഘടനയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com