
Lok Sabha member R Sudhas chain snatcher arrested
ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്‍റെ സ്വർണ മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മോഷണം പോയ മാല ഇയാളിൽ നിന്നു കണ്ടെടുന്നു. ബുധനാഴ്ച ഓഖ്‌ല നിവാസിയായ പ്രതിയെ സൗത്ത് ഡൽഹിയിൽ വച്ച് പിടികൂടിയതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലയാണ് പ്രഭാത നടത്തത്തിനിറങ്ങിയ സുധ രാമകൃഷ്ണന്‍റെ മാല ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട് ഭവന് സമീപത്തു വച്ച് മോഷണം പോയത്.
മുഖം പൂർണമായി മറച്ച് സ്കൂട്ടറിലെത്തിയ ആൾ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ സുധ രാമകൃഷ്ണന്‍റെ കഴുത്തിന് പരുക്കേറ്റിരുന്നു. മാത്രമല്ല സുധയുടെ വസ്ത്രവും കീറിയിരുന്നു.
ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചിരുന്നു. ഒരു പാർലമെന്‍റ് അംഗത്തിനു പോലും ഇത്ര സുരക്ഷിതമായ മേഖലയിൽ സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട് ഭവനിൽ നിന്ന് സുധയും മറ്റൊരു വനിതാ പാർലമെന്‍റേറിയൻ രാജാത്തിയും പതിവ് നടത്തത്തിനായി ഇറങ്ങിയപ്പോഴായിരുന്നു സംഭവം.