
ഹൈദരബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ എംപിക്ക് കുത്തേറ്റു. ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു എംപിയെ അജ്ഞാതർ ആക്രമിച്ചത്.
തിങ്കളാഴ്ച സിദ്ധിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയാണ് ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയും നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ മറ്റൊരു സ്ഥാനാർത്ഥിക്കു കൂടി പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് മർദിച്ച ശേഷം പൊലീസിനു വിട്ടു നൽകി. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മീഷണർ എൻ ശ്വേത അറിയിച്ചു.