

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. രണ്ടിനെതിരേ 454 വോട്ടുകൾക്കാണു ഭരണതലപ്പത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായി മാറുന്ന ബിൽ പാസായത്. ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും. 8 മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കുശേഷമായിരുന്നു 128ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പ്. രാത്രി എട്ടരയോടെ അംഗങ്ങൾക്കു സ്ലിപ്പ് നൽകി നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.
ബില്ലിൽ ന്യൂനപക്ഷങ്ങൾക്കു പ്രത്യേക ക്വോട്ട വേണമെന്ന അസദുദ്ദീൻ ഒവൈസിയുടെ ആവശ്യമുൾപ്പെടെ 6 നിർദേശങ്ങൾ വോട്ടിനിട്ടു തള്ളി. ആർഎസ്പി എംപി എൻ.കെ. പ്രേമചന്ദ്രനും ഭേദഗതി നിർദേശം മുന്നോട്ടുവച്ചെങ്കിലും പിന്നീടു പിൻവലിച്ചു. "നാരീശക്തി വന്ദൻ അധിനിയം' എന്നു പേരിട്ട ബില്ലിനെതിരേ ഒവൈസിയുടെ എഐഎംഐഎമ്മിലെ രണ്ട് അംഗങ്ങളാണ് എതിർത്തതെന്നാണു റിപ്പോർട്ട്.
എച്ച്.ഡി. ദേവഗൗഡയുടെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തുടങ്ങി എ.ബി. വാജ്പേയിയുടെയും മൻമോഹൻ സിങ്ങിന്റെയും കാലത്ത് ആവർത്തിച്ച ശ്രമങ്ങൾക്കൊടുവിലാണു വനിതാ സംവരണം യാഥാർഥ്യത്തിലേക്കു നീങ്ങുന്നത്. യുപിഎ ഭരണകാലത്ത് ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, ലോക്സഭ ബിൽ പാസാക്കുന്നത് ഇതാദ്യം.
60 പേർ പങ്കെടുത്ത ചൂടേറിയ ചർച്ചയ്ക്കൊടുവിലാണു ബിൽ വോട്ടിനിട്ടത്. ബിൽ പ്രാവർത്തികമാക്കാൻ 2029 വരെ കാത്തിരിക്കേണ്ടതില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ നടപ്പാക്കണമെന്നുമായിരുന്നു ചർച്ചയിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രധാന നിർദേശം. 2029ൽ ബിൽ നടപ്പാക്കാനാണെങ്കിൽ ഇപ്പോഴൊരു പ്രത്യേക സമ്മേളനത്തിന്റെ കാര്യമെന്തെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു.
സഭയിലെ 82 വനിതാ അംഗങ്ങളിൽ 27 പേർ ചർച്ചയിൽ പങ്കെടുത്തു. സോണിയ ഗാന്ധിയാണ് ചർച്ചയ്ക്കു തുടക്കമിട്ടത്. വനിതാ സംവരണത്തിൽ പ്രത്യേക ഒബിസി ക്വോട്ട വേണമെന്നു രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും രാഹുൽ.
ബിൽ ഏകകണ്ഠമായി പാസാക്കാൻ അഭ്യർഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമത്തിൽ കുറവുകളുണ്ടെങ്കിൽ പിന്നീടു പരിഹരിക്കാമെന്നു വിശദീകരിച്ചു. ഒബിസി പ്രത്യേക ക്വോട്ട ആവശ്യപ്പെട്ട രാഹുലിനെതിരേ അദ്ദേഹം രൂക്ഷ വിമർശനവും നടത്തി. എൻജിഒകൾ കൊടുക്കുന്ന ചോദ്യങ്ങൾ ഇവിടെ വന്നു ചിലർ വായിക്കുകയാണെന്നു പരിഹസിച്ച അമിത് ഷാ, കേന്ദ്ര മന്ത്രിസഭയിലെ ഒബിസി പ്രാതിനിധ്യം ഉയർത്തിക്കാട്ടി. നിയമപരമായ പ്രശ്നങ്ങളുള്ളതിനാലാണ് ബിൽ പ്രാവർത്തികമാകാൻ 2029 വരെ കാത്തിരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.