ലോക്സഭയിലെ ആദ്യദിനം: സങ്കോചമില്ലാതെ സീനിയേഴ്സ്, പരിഭ്രമത്തോടെ പുതുമുഖങ്ങൾ

വെള്ള സാരി ധരിച്ച് കങ്കണ, ശ്രദ്ധാകേന്ദ്രമായി അരുൺ ഗോവിൽ
സുരേഷ് ഗോപി, കങ്കണ റണാവത്ത്, മഹുവ മൊയ്ത്ര, അരുൺ ഗോവിൽ
സുരേഷ് ഗോപി, കങ്കണ റണാവത്ത്, മഹുവ മൊയ്ത്ര, അരുൺ ഗോവിൽ

ന്യൂഡൽഹി: ക്യാംപസുകളിലെ അധ്യയന വർഷത്തിന്‍റെ തുടക്കദിനത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഇന്നലെ ലോക്സഭയിലെ കാഴ്ചകൾ. പതിനേഴാം ലോക്സഭയിലുണ്ടായിരുന്നവരും ദീർഘകാലമായി സഭാംഗങ്ങളായിരുന്നവരും സങ്കോചമില്ലാതെ സഭയിലേക്കെത്തി. എന്നാൽ, പുതുമുഖങ്ങളുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞിരുന്നു. മുൻ സഭയിലെ അംഗങ്ങളും പരസ്പരം പരിചയമുള്ളവരും കക്ഷിഭേദമില്ലാതെ കുശലം പങ്കുവച്ചു. ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും തെരഞ്ഞെടുപ്പ്- കുടുംബ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവർ സൗഹൃദം ഉറപ്പിച്ചപ്പോൾ പുതുമുഖങ്ങൾ എല്ലാവരെയും പരിചയപ്പെടുന്ന തിരക്കിലായിരുന്നു. ചിലർ സഭയുടെ പടവുകളെ വന്ദിച്ചു.

മുൻ വിദേശകാര്യ മന്ത്രി അന്തരിച്ച സുഷമ സ്വരാജിന്‍റെ മകൾ ബാംസുരി സ്വരാജ് ആദ്യമായി സഭയിലെത്തിയ ദിനം മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടി. എല്ലാവരോടും സംസാരിച്ചു നീങ്ങിയ ബാംസുരി നേതാക്കൾക്കൊപ്പം ചിത്രമെടുത്തു.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന് ഏറെ നിർണായകമായ സഖ്യകക്ഷി ടിഡിപിയുടെ അംഗങ്ങൾ മഞ്ഞ ഷാളുകൾ ധരിച്ചാണെത്തിയത്. ചുവന്ന തൊപ്പിയും ഇളംചുവപ്പ് ഷാളുകളും ധരിച്ചാണ് എസ്പി അംഗങ്ങളെത്തിയത്. ഭരണഘടനയുടെ ഹിന്ദി പകർപ്പുകൾ അവർ ഉയർത്തിക്കാട്ടി.

കേന്ദ്ര മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം കൂടിയായ ടിഡിപിയുടെ കെ. റാം മോഹൻ നായിഡു മന്ത്രിസഭയിലെ സഹപ്രവർത്തകൻ ചിരാഗ് പാസ്വാനെ ആശ്ലേഷിച്ചു. ശിവസേന (യുബിടി)യുടെ അരവിന്ദ് സാവന്തും നായിഡുവിന് ആശംസ നേർന്നു.

നടൻ കൂടിയായ ബിജെപി എംപി രവി കിഷൻ മുണ്ടും കുർത്തയും ധരിച്ചാണെത്തിയത്. ‌മീററ്റിൽ നിന്നുള്ള ബിജെപി അംഗം അരുൺ ഗോവിലും ആദ്യദിനം ശ്രദ്ധാകേന്ദ്രമായി. ദൂരദർശന്‍റെ രാമായണം പരമ്പരയിൽ രാമനായി വേഷമിട്ട നടനാണു ഗോവിൽ. ബോളിവുഡ് താരം കങ്കണ റണാവത്ത് വെള്ള സാരിയിലാണ് ആദ്യദിനം പാർലമെന്‍റിലെത്തിയത്. അരുൺ ഗോവിൽ ഒമ്പതാം നിരയിലും കങ്കണ എട്ടാം നിരയിലുമായിരുന്നു ഇന്നലെ ഇരുന്നത്. മുൻ ലോക്സഭാ സ്പീക്കർ ഓം ബിർള മൂന്നാം നിരയിലിരുന്നു.

Trending

No stories found.

Latest News

No stories found.