

നിർത്തിയിട്ട ബസിലേക്ക് ലോറി ഇടിച്ചുകയറി; മൂന്ന് പേർ മരിച്ചു
സുൽത്താൻപുർ: ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് അതിവേഗത്തിലെത്തിയ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറിന് ബൽദിറായ് മേഖലയിലാണ് സംഭവം.
ബസ് യാത്രക്കാരായ ശ്യാം ലാൽ (28), വിനോദ് മണ്ഡൽ (50), കിരൺ ദേവി (60) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് ബിഹാറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിന്‍റെ പിന്നിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ബിഹാറിലേക്കുള്ള യാത്ര തുടരുന്നതിനായി യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ബൽദിറായ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരുക്ക് ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.