
പ്രണയ വിവാഹം ഇവിടെ പാടില്ല; നിരോധനവുമായി പഞ്ചാബ്
ചണ്ഡീഗഢ്: കുടുംബത്തിന്‍റെ അനുമതിയില്ലാതെ നടത്തുന്ന പ്രണയ വിവാഹങ്ങൾ നിരോധിച്ചു കൊണ്ട് പ്രമേയം ഇറക്കി പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമം. ചണ്ഡിഗഢിലെ മാനക്പുർ ശരിഫ് ഗ്രാമത്തിലാണ് ഇത്തരമൊരു വിചിത്ര പ്രമേയം എതിർപ്പുകളൊന്നുമില്ലാതെ പാസാക്കിയത്. കുടുംബത്തിന്‍റെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രമേയം ജൂലൈ 31നാണ് പാസാക്കിയത്.
ഇത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്ന ഗ്രാമവാസികള്‍ക്കെതിരേ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. ഗ്രാമത്തിന്‍റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയത് എന്നാണ് ഗ്രാമത്തലവന്‍റെ വിശദീകരണം.
ഗ്രാമത്തിലെ ഒരു യുവാവ് സ്വന്തം അനന്തരവളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളാണ് ഇത്തരം ഒരു പ്രമേയത്തിലേക്ക് വഴിവച്ചതെന്ന് ഗ്രാമതലവൻ ദല്‍വീര്‍ സിങ് പറഞ്ഞു. എന്നാൽ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.