

പാചകവാതക വിതരണത്തിൽ പ്രതിസന്ധി.
Representative image
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഇന്ധനമേഖലയെ അനിശ്ചിതത്വത്തിലേക്കു കൊണ്ടുപോകുമ്പോൾ പാചകവാതക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്‍റെ തീവ്ര ശ്രമം. ഗ്രാമീണ ഉപയോക്താക്കൾക്ക് പുതിയ എൽപിജി സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള 25 ദിവസത്തിൽ നിന്നു 45ലേക്ക് ഉയർത്തിയ സർക്കാർ ചരിത്രത്തിൽ ഇതുപോലൊരു സാഹചര്യം ഇതാദ്യമെന്നു വിശദീകരിച്ചു.
അതേസമയം, വ്യത്യസ്ത സ്രോതസുകളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും പെട്രോളിയം മന്ത്രാലയം. അവശ്യ സാധന നിയമത്തിനു കീഴിൽ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ റിഫൈനറികൾക്കു നിർദേശം നൽകിയതായി പെട്രോളിയം മന്ത്രാലയം ജോയിന്‍റ് സെക്രട്ടരി സുജാത ശർമ അറിയിച്ചു.
വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ നേരിയ ഇളവിനും തീരുമാനം. അടിയന്തര ആവശ്യം ആർക്കെന്ന് സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കണ്ടെത്താനാണു മന്ത്രാലയം വിതരണക്കാരോടു നിർദേശിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ഇന്ധന ദൗർലഭ്യമില്ലെന്നു പെട്രോളിയം മന്ത്രി ഹർദീപ് പുരി ലോക്സഭയിൽ അറിയിച്ചു. നിലവിൽ ആരും പാചകവാതക ക്ഷാമം നേരിടുന്നില്ല. എൽപിജി ഉത്പാദനം 28 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങും മുൻപ് 55 ശതമാനം ക്രൂഡ് ഓയിലാണ് ഹോർമുസ് ഇതര വഴികളിലൂടെ എത്തിയിരുന്നത്. ഇപ്പോഴിത് 70 ശതമാനമായി ഉയർന്നെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിന് മറുപടിയായി പുരി അറിയിച്ചു. രാജ്യം കടുത്ത ഊർജപ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നും സർക്കാർ വലിയ പരാജയമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
ഹോട്ടലുകൾ അടയ്ക്കുന്നു
ക്ഷാമമില്ലെന്നു സർക്കാർ പറയുമ്പോഴും രാജ്യത്ത് എൽപിജി ഔട്ട്‌ലെറ്റുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കും മുന്നിൽ ആവശ്യക്കാരുടെ തിരക്കേറുന്നു. പ്രധാന നഗരങ്ങളിൽ ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ചെന്നൈ അടക്കം നഗരങ്ങളിൽ പാചകത്തിനു കൂടുതൽ ഇന്ധനം ആവശ്യമുള്ള ദോശയും എണ്ണയിൽ വറുത്ത വിഭവങ്ങളുമടക്കമുള്ളവ ഹോട്ടലുകൾ തത്കാലം ഉപേക്ഷിച്ചു.
ഇരട്ടിവില കൊടുത്താൽ പോലും സിലിണ്ടറുകൾ കിട്ടാനില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ഉത്തരാഖണ്ഡ് സർക്കാർ ഹോട്ടലുകൾക്കുൾപ്പെടെ വിറക് എത്തിക്കുന്നതു പരിഗണിച്ചു തുടങ്ങി. പശ്ചിമ ബംഗാളിൽ സ്കൂളുകളിൽ വിറക് നൽകുന്നതിന് നടപടിയാരംഭിച്ചു.
സിലണ്ടർ ഉപയോഗം നിരീക്ഷിക്കാൻ സമിതി
തിരുവനന്തപുരം: സ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്‍റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.
വ്യാവസായിക - ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപയോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കലക്റ്ററുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്റിങ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക.
വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണം എന്നും യോഗം അവലോകനം ചെയ്തു. ആശുപതികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ ടി പാർക്കിലെ ക്യാന്‍റീനുകൾ, ഫാക്ടറികളിലെ ക്യാന്‍റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും.
ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചക വാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു, സിവിൽ സപ്ലൈസ്, പോലീസ്, പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെന്‍റ് സംഘം പരിശോധന ശക്തമാക്കും.
നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും.