"പടിയിറങ്ങുന്നത് രാജ്യവിരുദ്ധരുടെ മുതലെടുപ്പ് തടയാൻ''

രാജിക്കത്തിൽ വിശദീകരണവുമായി ധർമേന്ദ്ര പ്രധാൻ
Dharmendra Pradhan offers explanation in resignation letter

രാജിക്കത്തിൽ വിശദീകരണവുമായി ധർമേന്ദ്ര പ്രധാൻ

Updated on

ന്യൂഡൽഹി: വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണു താൻ രാജിവയ്ക്കുന്നതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തു നിന്നു പടിയിറങ്ങിയ ധർമേന്ദ്ര പ്രധാൻ.

നീറ്റ് യുജി പരീക്ഷയുടെ ചോദ്യച്ചോർച്ച, തുടർന്നു സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുന്ന രാജിക്കത്തിലാണ് രാജ്യത്തെ യുവത തെറ്റിദ്ധാരണയിൽ വീണുപോകാതിരിക്കാനാണു താൻ സ്ഥാനത്യാഗം ചെയ്യുന്നതെന്നു വ്യക്തമാക്കുന്നത്.

"എന്‍റെ പ്രിയ യുവ സുഹൃത്തുക്കൾക്ക്' എന്ന് അഭിസംബോധന ചെയ്യുന്ന രണ്ടു പേജുള്ള കത്തിലാണ് പ്രധാൻ രാജി പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടായി വിദ്യാർഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും ആവശ്യങ്ങൾക്കായി ഞാൻ എന്നെത്തന്നെ സമർപ്പിച്ചിട്ടുണ്ട്. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘവീക്ഷണമുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണു രാജ്യത്തിന്‍റെ അടിത്തറയെന്നു ഞാൻ കരുതുന്നു.

രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും നിയമപരമായ പ്രതീക്ഷകളെയും ഞാൻ ബഹുമാനിക്കുന്നു. രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്‌ട്രീയ, സാമൂഹിക ജീവിതത്തിന്‍റെ ധാർമികമായ പ്രതിബദ്ധതയാണ്- പ്രധാൻ പറയുന്നു.

മേയ് മൂന്നിനു നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകൾ പുറത്തുവന്നയുടൻ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയ്ക്കു തീയതി പ്രഖ്യാപിക്കുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തെന്നും രാജിക്കത്തിൽ പ്രധാൻ വിശദീകരിച്ചു. അടുത്തവർഷം മുതൽ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കാനും തീരുമാനിച്ചു. ജൂൺ 21ന് പുനഃപരീക്ഷ സുഗമമായി നടത്തി. കഴിഞ്ഞ 16ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ 10 ദിവസത്തെ സംഭവങ്ങൾ തനിക്കു മനോവിഷമമുണ്ടാക്കിയെന്നും പ്രധാൻ.

"യുവാക്കൾ ആശയക്കുഴപ്പത്തിന്‍റെ വലയിൽ കുടുങ്ങുന്നത് ഒഴിവാക്കണമെന്നാണ് എന്‍റെ തീരുമാനം. ജന്തർമന്തറിലും രാജ്യത്തുടനീളവുമുള്ള സാഹചര്യം പരിഗണിച്ച് രാജ്യവിരുദ്ധ ശക്തികളുടെ മുതലെടുപ്പ് തടയാനും ദേശീയ ഐക്യം സംരക്ഷിക്കാനും ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവി നിയമപരമായ സങ്കീർണതകളിൽപ്പെടുന്നത് ഒഴിവാക്കാനുമാണ് രാജിവയ്ക്കുന്നത്.'

തന്നിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ പ്രധാൻ, പുരി ജഗന്നാഥ പ്രഭുവിന്‍റെ അനുഗ്രഹത്തോടെ ഭാവിയിലും ഭാരതമാതാവിന്‍റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ തന്നെ സ്വയം സമർപ്പിക്കുമെന്നും കത്തിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com