ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം... യുഎഇയുമായി വലിയ കരാറുകളായി

മോദിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ചട്ടക്കൂടിൽ ഒപ്പുവച്ചു
During Modi's visit, the two countries signed a framework for strategic defense partnership.

മോദിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ചട്ടക്കൂടിൽ ഒപ്പുവച്ചു

Updated on

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ ശ്രദ്ധേയമായ ഒട്ടേറെ ഉഭയകക്ഷി കരാറുകൾ നിലവിൽ വന്നു. നിരവധി ധാരണാപത്രങ്ങളും ഒപ്പിട്ടു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ഔപചാരിക വരവേൽപ്പ് നൽകിയത്. കാൽ നൂറ്റാണ്ടായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസുമാണ് യുഎഇ. പശ്ചിമേഷ്യയിലെ അശാന്തിയെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധിക്കിടെയാണ് മോദി ഇവിടെയെത്തിയത്.

ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ മേഖലകളും അവലോകനം ചെയ്യുകയും ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഫിൻടെക്, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം മേഖലകളിൽ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഉഭയകക്ഷി വ്യാപാരം പുതിയ ഉയരങ്ങളിലെത്തിക്കാൻ കാരണമായ ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.

അസംസ്‌കൃത എണ്ണ, എൽഎൻജി, എൽപിജി വിതരണം എന്നിവയിലുൾപ്പെടെ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ യുഎഇ ഒരു പ്രധാന പങ്കാളിയായി തുടരുകയാണ്. അതിലൂടെ ഇപ്പോൾ ഊർജസ്വലവും വളർന്നുവരുന്നതുമായ ഉഭയകക്ഷി ഊർജ പങ്കാളിത്തമാണുള്ളത്. കൂടുതൽ സമഗ്രമായ ഊർജ പങ്കാളിത്തത്തിനായി പുതിയ സംരംഭങ്ങളെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കും.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിൽ യുഎഇയുടെ പങ്കാളിത്തം 30 മില്യൺ ബാരലായി വർധിപ്പിക്കാനും ഇന്ത്യയിൽ തന്ത്രപരമായ വാതക കരുതൽ ശേഖരം സ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ തന്ത്രപരമായ സഹകരണ കരാറിൽ ഏർപ്പെട്ടു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തിൽ സംഭരണ സൗകര്യങ്ങളിലെ പങ്കാളിത്തത്തിലൂടെയും ഒഡീഷയിലെ ചന്ദിഖോലിൽ കരുതൽ സൗകര്യങ്ങളിലെ വികസനത്തിലൂടെയും ഉൾപ്പെടെ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളിലാണ് ഈ സഹകരണം.

ദീർഘകാലാടിസ്ഥാനത്തിൽ എൽപിജി വിതരണം ചെയ്യാൻ ഇന്ത്യൻ ഓയിൽ ലിമിറ്റഡ് കമ്പനിയും (ഐഒസിഎൽ) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (എഡിഎൻഒസി) തമ്മിൽ കരാറുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സംഭരണികളിലാണ് സാധ്യമായ എല്ലാ സഹകരണവും ഉണ്ടാവുക.

യുഎഇയിലെ സ്ഥാപനങ്ങൾ ഇന്ത്യയിൽ 5 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം നടത്തും. ഇതിൽ എമിറേറ്റ്സ് ന്യൂ ഡവലപ്‌മെന്‍റ് ബാങ്ക് ഇന്ത്യയിലെ ആർബിഎൽ ബാങ്കിൽ നടത്തുന്ന 3 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപവും അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അഥോറിറ്റി ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടുമായി ചേർന്ന് ഇന്ത്യയിലെ മുൻഗണനാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നടത്തുന്ന ഒരു ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപവും ഇന്‍റർനാഷണൽ ഹോൾഡിങ് കമ്പനി ഇന്ത്യയിലെ സമ്മാൻ ക്യാപിറ്റലിൽ നടത്തുന്ന ഒരു ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപവും ഉൾപ്പെടുന്നു. ഉഭയകക്ഷി തന്ത്രപരമായ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ യുഎഇ സുസ്ഥിരവും ദീർഘകാല അടിസ്ഥാനത്തിലുള്ളതുമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മോദിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ചട്ടക്കൂടിൽ ഒപ്പുവച്ചു. ഇതിന് കീഴിൽ പ്രതിരോധ വ്യവസായ സഹകരണം ആഴത്തിലാക്കും. നവീകരണം, നൂതന സാങ്കേതികവിദ്യ, പരിശീലനം, അഭ്യാസങ്ങൾ, സമുദ്ര സുരക്ഷ, സൈബർ പ്രതിരോധം, സുരക്ഷിത ആശയ വിനിമയങ്ങൾ, വിവര കൈമാറ്റം എന്നിവയിലും സഹകരിക്കും.

മൈത്രി (MAITRI - മാസ്റ്റർ ആപ്ലിക്കേഷൻ ഫോർ ഇന്‍റർനാഷണൽ ട്രേഡ് ആൻഡ് റെഗുലേറ്ററി ഇന്‍റർഫേസ്) ഉപയോഗിച്ചുള്ള വെർച്വൽ ട്രേഡ് കോറിഡോർ പ്രവർത്തനക്ഷമമാക്കി. ഇരുപക്ഷത്തെയും കസ്റ്റംസ്, പോർട്ട് അധികാരികളെ ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റൽ ചട്ടക്കൂട്, ചരക്ക് നീക്കം സുഗമമാക്കുകയും ചെലവും യാത്രാസമയവും കുറയ്ക്കുകയും ചെയ്യും. അതിലൂടെ കൂടുതൽ കാര്യക്ഷമമായ വ്യാപാര ഒഴുക്ക് സാധ്യമാക്കും.

സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇനി പറയുന്ന കൂടുതൽ രേഖകൾ പൂർത്തീകരിക്കുന്നതിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു:

* ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ച മാരിടൈം ഡവലപ്‌മെന്‍റ് ഫണ്ട് പദ്ധതിക്ക് കീഴിൽ ഓഫ്‌ഷോർ ഫാബ്രിക്കേഷൻ ഉൾപ്പെടെ വാഡിനാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ദുബായിലെ ഡ്രൈഡോക്‌സ് വേൾഡും തമ്മിലുള്ള ധാരണാപത്രം.

* കപ്പൽ അറ്റകുറ്റപ്പണിയിലെ നൈപുണ്യ വികസനത്തെക്കുറിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ദുബായിലെ ഡ്രൈഡോക്‌സ് വേൾഡ്, സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മാരിടൈം ആൻഡ് ഷിപ്പ് ബിൽഡിങ് (സിഇഎംഎസ്) എന്നിവ തമ്മിലുള്ള ത്രികക്ഷി ധാരണാപത്രം. ഇത് നൈപുണ്യമുള്ള സമുദ്ര തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും തൊഴിൽ നൽകുന്നതിനുമുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കും. കൂടാതെ ഇന്ത്യൻ സമുദ്ര തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിക്കുകയും കപ്പൽ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്യും.

* ഇന്ത്യയിലെ സി- ഡാക്കും യുഎഇയിലെ ജി- 42ഉം തമ്മിലുള്ള പങ്കാളിത്തത്തോടെ എട്ട് എക്സാഫ്ലോപ്പ് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള ടേം ഷീറ്റ്.

എയർ ഇന്ത്യ വണ്ണിന് അകമ്പടിയായി ഡെസേർട്ട് ഫാൽക്കൺ വിമാനങ്ങൾ

അബുദാബി: യുഎഇക്കു നേരേ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണമായ രാഷ്‌ട്രീയ- സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യവും പ്രശംസനനീയമാണ്- മോദി പറഞ്ഞു.

അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും ഗാർഡ് ഒഫ് ഓണർ പരിശോധിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ അത്യാധുനിക യുദ്ധ വിമാനങ്ങൾ പറന്നത് ലോകശ്രദ്ധ നേടി. പ്രധാനമന്ത്രി സഞ്ചരിച്ച "എയർ ഇന്ത്യ വൺ' (ബോയിങ് 777- 300ഇആർ) വിമാനത്തിന് ഇരുവശത്തുമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 "ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങളാണ് അകമ്പടി നൽകിയത്. ഇതിന്‍റെ വീഡിയൊ സോഷ്യൽ മീഡിയയിൽ തരംഗമായി. ഒരു വിദേശ രാജ്യത്തെ ഭരണത്തലവന് നൽകാവുന്ന ഏറ്റവും ഉയർന്ന ആദരവുകളിൽ ഒന്നായാണ് ഈ അകമ്പടിയെ നയതന്ത്ര ലോകം കാണുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.

യുഎഇ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം മോദി അറിയിച്ചു. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഊർജ, ഭക്ഷ്യ സുരക്ഷയ്ക്കും നിർണായകമായ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്നതിന് അനുകൂലമായ ഇന്ത്യയുടെ വ്യക്തമായ നിലപാടും അദ്ദേഹം വ്യക്തമാക്കി.

യുഎഇ തന്‍റെ രണ്ടാമത്തെ വീടാണെന്ന് മോദി പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രയാസ ഘട്ടങ്ങളിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു. എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്‍റിനെ ക്ഷണിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com