
Sonu Sood
അമൃത്സർ: പഞ്ചാബിലെ പ്രളയബാധിത ഗ്രാമങ്ങൾ സന്ദർശിച്ച് ബോളിവുഡ് നടൻ സോനു സൂദ്. ജനങ്ങൾക്ക് സഹായഹസ്തവുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് താരം. നിലവിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബാഗ്പുർ, സുൽത്താൻപുർ ലോധി, ഫിറോസ്പുർ, ഫസിലിക, അജ്നല തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി ദുരിത ബാധിതർക്ക് വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആളുകളുടെ ഉപജീവനമാർഗങ്ങൾ പോലും ഇല്ലാതായതോടെ പ്രാദേശിക ഭരണകൂടങ്ങൾ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിയുന്നത്ര വേഗം സഹായം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ വഴി തന്‍റെ ജന്മനാടിനോടുള്ള പ്രതിബദ്ധത ആവർത്തിച്ച സോനു, "പഞ്ചാബ് എന്‍റെ ആത്മാവാണ്, എന്തൊക്കെ നഷ്ടപ്പെട്ടാലും തിരിച്ചുപിടിക്കും'' എന്ന് ട്വിറ്ററിൽ കുറിച്ചു.
പ്രളയബാധിതർക്കായുള്ള താരത്തിന്‍റെ ഇടപെടലുകൾ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. പഞ്ചാബ് തിരികെ പഴയ നിലയിൽ എത്തുന്നതുവരെ തിരികെ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.