റഷ്യന്‍ എണ്ണ: 100% തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യ

റഷ്യയ്ക്കെതിരായ ഉപരോധ ബില്ലില്‍ യുഎസ് നിയമനിര്‍മാതാക്കള്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ തിങ്കളാഴ്ച പുറത്തുവിട്ടു.
Russian oil: India ready to defend US move to impose 100% duty

റഷ്യന്‍ എണ്ണ: 100% തീരുവ തിരോധിക്കാനൊരുങ്ങി ഇന്ത്യ

Updated on

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന നിയമനിര്‍മാണത്തിന്മേല്‍ വോട്ടെടുപ്പ് നടത്താന്‍ യുഎസ് ജനപ്രതിനിധി സഭ തയാറെടുക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഇന്ത്യ.

റഷ്യയ്ക്കെതിരായ ഉപരോധ ബില്ലില്‍ യുഎസ് നിയമനിര്‍മാതാക്കള്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ തിങ്കളാഴ്ച പുറത്തുവിട്ടു. യുഎസ് ഹൗസ് റൂള്‍സ് കമ്മിറ്റിയാണ് ഇവ പുറത്തുവിട്ടത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ക്ക് 100% വരെ അധിക തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് പുതിയ ഭേദഗതിയിലുള്ളത്. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍, അത് ന്യൂഡല്‍ഹിയുടെ എണ്ണ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്‌തേക്കാം.

കഴിഞ്ഞ മാസം യുഎസ് സെനറ്റ് 86-നെതിരെ 11 എന്ന വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ 'ലിന്‍ഡ്സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഒഫ് 2026' ഇപ്പോള്‍ യുഎസ് ജനപ്രതിനിധി സഭയുടെ പരിഗണനയിലാണ്. നവംബര്‍ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭ നേരത്തെ അവധിയിലേക്ക് പിരിയും. അതിന് മുന്‍പ് നിയമനിര്‍മാണം നടത്താനുള്ള നീക്കമാണ് നടത്തുന്നത്. ഭേദഗതികളോടെ ഈ ബില്‍ പാസായാല്‍, 100% വരെ അധിക തീരുവ നേരിടേണ്ടി വന്നേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.

രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ഉപകരണമായി വ്യാപാര-സാമ്പത്തിക നടപടികള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി ആഗോളതലത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം മനസിലാക്കിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. 2025 ഏപ്രില്‍ മുതല്‍, തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും അവ നടപ്പിലാക്കലും അമെരിക്ക ഒരു പ്രധാന തന്ത്രമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് ആഗോള വ്യാപാരരംഗത്ത് വലിയ പ്രതിസന്ധികള്‍ക്കും നിയമപരമായ വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ 12,13 തീയതികളില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍, ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ചും കൂടുതല്‍ സാമ്പത്തിക സഹകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും സംസാരിച്ചിരുന്നു. സാമ്പത്തിക സുരക്ഷ എന്നത് ദേശീയ സുരക്ഷയ്ക്ക് തുല്യമാണെന്ന് ഊന്നിപ്പറഞ്ഞ ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍, രാജ്യങ്ങളെ രാഷ്‌ട്രീയമായി സമ്മര്‍ദ്ദത്തിലാക്കാന്‍ സാമ്പത്തിക ഉപാധികള്‍ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്തു.

ബ്രിക്‌സ് അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം, വ്യാപാരം എന്നിവയ്ക്കുള്ള സാധ്യതകള്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ അമെരിക്ക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്താനുള്ള സാധ്യത ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ബ്രിക്‌സ് ഉച്ചകോടി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

logo
Metro Vaartha
www.metrovaartha.com