
എം.എ. ബേബി
മധുര: പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുക എന്നത് സംഘടനാപരമായി വലിയ വെല്ലുവിളിയാണെന്ന് എം.എ. ബേബി. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുപോവും. മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും എം.എ. ബോബി പറഞ്ഞു.
യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സിപിഎം. കുറച്ചുകാലമായി പോളിറ്റ് ബ്യൂറോയുടെ ഭാഗമായുള്ള പ്രവർത്തനത്തിന്‍റെ തുടർച്ചയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിനേയും പിണറായി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി തന്നെയാണോ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ബേബിയുടെ മറുപടി.
പിണറായി കേരള മുഖ്യമന്ത്രിയാണ്. സ്വഭാവികമായും അടുത്ത തെരഞ്ഞെടുപ്പിനെ അദ്ദേഹം തന്നെ നയിക്കും. അതിൽ ഇപ്പോഴെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിക്കഴിയുമ്പോൾ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന വെല്ലുവിളികൾ പാർട്ടിയുടെത് കൂടിയാണ്. രാജ്യത്ത് 80,000 ത്തിലധികം പാർട്ടി ബ്രാഞ്ചുകളുണ്ട്. കൂടാതെ ഇന്‍റർ മീഡിയേറ്ററി കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റകളെല്ലാം സജീവമായി പ്രവർത്തിച്ചാൽ പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം നടപ്പാക്കാനാവും. സംഘടനാ പരമായ പുനഃശാക്തീകരണത്തിലേക്ക് പോവേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്‍റെ ഇടപെടൽ ശേഷി വർധിപ്പിക്കുന്നതിന് പാർട്ടി കോൺഗ്രസ് തീരുമാനങ്ങളിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു ശേഷമുള്ള എം.എ. ബേബിയുടെ ആദ്യ പ്രതികരണമാണിത്.