
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക വിജയമുണ്ടാവുമെന്ന് സർവെ. കോൺഗ്രസ് 146 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് സർവ്വെ. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് 46 ശതമാനവും ബിജെപി 43 ശതമാനവും മറ്റുള്ളവര്‍ 11 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വെ ഫലം.
സർവ്വെ ഫലം പുറത്തു വന്നതോടെ ബിജെപി ആശങ്കയിലാണ്. തുടർന്ന് സംസ്ഥാന നേതൃത്വം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു മാസം മുന്‍പ് കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്ന തരത്തിലുള്ള സര്‍വെകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ബിജെപിയുടെ നില മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലില്‍ ആയിരുന്നു പാര്‍ട്ടി നേതൃത്വം.
അതിനിടെയാണ് പുതിയ സര്‍വ്വെ ഫലങ്ങളും കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. തുടർന്ന് ജയം മുന്നിൽ കണ്ട് അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടെ ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. എന്നാല്‍ ജാതി സെന്‍സസ് ആയുധമാക്കി കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ പ്രതിഫലനമുണ്ടാക്കുന്നു എന്നാണ് സര്‍വ്വെ ഫലങ്ങളിലെ സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ കയറിയെങ്കിലും പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ അടക്കം കളം മാറ്റി ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി കടുത്ത മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.