മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

മുന്‍ എംഎല്‍എമാര്‍ക്കുള്ള പെന്‍ഷനും അലവന്‍സുകളും അവരുടെ കുടുംബങ്ങള്‍ക്കുള്ള കുടുംബ പെന്‍ഷനും ഗണ്യമായി വര്‍ധിപ്പിക്കും
മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും | Madhya Pradesh MLA salary hike

മധ്യ പ്രദേശ് നിയമസഭ.

File

Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ എംഎൽഎമാരുടെ ആനുകൂല്യങ്ങൾ കുത്തനെ ഉയർത്തുന്നു. ശമ്പളവും ആനുകൂല്യങ്ങളുമുൾപ്പെടെ നിലവിൽ പ്രതിമാസം 1.10 ലക്ഷം രൂപയാണു ലഭിക്കുന്നത്. ഇത് 1.65 ലക്ഷം രൂപയായി ഉയർത്താനാണു നിർദേശം. ഇതിനുള്ള ബിൽ ചൊവ്വാഴ്ച നിയമസഭയിൽ വയ്ക്കും.

ഇതു കൂടാതെ, മുന്‍ എംഎല്‍എമാര്‍ക്കുള്ള പെന്‍ഷനും അലവന്‍സുകളും അവരുടെ കുടുംബങ്ങള്‍ക്കുള്ള കുടുംബ പെന്‍ഷനും ഗണ്യമായി വര്‍ധിപ്പിക്കാനും നിർദേശമുണ്ട്. മുന്‍ എംഎല്‍എമാരുടെ പ്രതിമാസ പെന്‍ഷന്‍ 35,000 രൂപയില്‍ നിന്ന് 65,000 രൂപയായി ഉയര്‍ത്തും. പ്രതിമാസ കുടുംബ പെന്‍ഷന്‍ 18,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയത്തും.

ധനവകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ് നിര്‍ദേശം. ബിജെപി എംഎല്‍എ അജയ് വിഷ്ണോയി, കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ യാദവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് 3.25 കോടി രൂപയില്‍ 5 കോടി രൂപയായി ഉയര്‍ത്താനും നിർദേശമുണ്ട്.

സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്‍റെയും ശമ്പളത്തിലും ആനുപാതിക വർധനയുണ്ടാകും. മുന്‍ എംഎല്‍എമാര്‍ക്കും പങ്കാളിക്കും പ്രതിമാസം 10,000 രൂപ പ്രീമിയമുള്ള മെഡിക്കല്‍ ഇൻഷ്വറന്‍സ് പോളിസി ഏർപ്പെടുത്താനും പെന്‍ഷന്‍ പ്രതിവര്‍ഷം 800 രൂപയില്‍ നിന്ന് 1500 രൂപയായി വര്‍ധിപ്പിക്കാനും കരടിൽ ശുപാർശ.

എംഎല്‍എയ്ക്കൊപ്പം പങ്കാളിക്കും ഫസ്റ്റ് ക്ലാസ് എസിയിൽ യാത്ര ചെയ്യാം, എംഎൽഎയ്ക്ക് അഞ്ചു ലക്ഷം രൂപ വരെ വിമാനയാത്രക്കൂലി, ഒരു കിലോമീറ്ററിന് യാത്രാബത്ത നിലവിലുള്ള 25ലേക്ക് (ഇപ്പോൾ 15രൂപ) ഉയർത്തുക എന്നീ ശുപാർശകളും ബില്ലിലുണ്ട്. സർക്കാരിന് വർഷം 58.51 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് ശുപാർശ. 2016നുശേഷം വേതനവും ആനുകൂല്യങ്ങളും പരിഷ്കരിച്ചിട്ടില്ലെന്ന് എംഎൽഎമാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com