കോടതി ഇടപെട്ടു; കസ്റ്റംസ് പിടിച്ചുവച്ച താലിമാല വിട്ടുകൊടുത്തു

ആഭരണം പിടിച്ചുവച്ച കസ്റ്റംസ് ഉദ്യോഗസ്ഥ എസ്. മൈഥിലിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
Madras HC flays Customs

കോടതി ഇടപെട്ടു; കസ്റ്റംസ് പിടിച്ചുവച്ച താലിമാല വിട്ടുകൊടുത്തു

Updated on

ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ, പിടിച്ചുവച്ച താലിമാല കസ്റ്റംസ് അധികൃതർ ശ്രീലങ്ക സ്വദേശിനിയായ നവവധുവിനു കൈമാറി. യുവതിയുടെ ബന്ധുക്കൾക്കാണു 11 പവന്‍റെ താലിമാല ഉൾപ്പെടെ 36 പവൻ സ്വർണാഭരണങ്ങൾ ചെന്നൈ കസ്റ്റംസ് അധികൃതർ വിട്ടുകൊടുത്തത്.

താലിമാല പിടിച്ചുവച്ചത് കഴിഞ്ഞ 14ന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. സാംസ്കാരിക മൂല്യങ്ങളോടും എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളോടും ബഹുമാനം പുലർത്തണമെന്നും ഹൈക്കോടതി ഓർമിപ്പിച്ചിരുന്നു. താലിമാല പിടിച്ചുവയ്ക്കുന്നതുപോലുളള നടപടികൾ രാജ്യത്തിന്‍റെ സൽപ്പേരിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2023 ഡിസംബർ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പം തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയ ശ്രീലങ്കൻ യുവതി താനുഷികയെ ചെന്നൈ വിമാനത്താവളത്തിൽ 12 മണിക്കൂറോളം തടഞ്ഞുവച്ച കസ്റ്റംസ് അധികൃതർ ആഭരണങ്ങൾ പിടിച്ചുവയ്ക്കുകയായിരുന്നു.

സത്യവാങ്മൂലം നൽകാതെ വിദേശ പൗരന്മാർക്ക് അളവിൽ കൂടിയ സ്വർണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. യുവതി ഭർത്താവിനൊപ്പം ഫ്രാൻസിലാണ്. ഗ്രീൻ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ ബെഞ്ച് തള്ളി.

വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നു കോടതി. ആഭരണം പിടിച്ചുവച്ച കസ്റ്റംസ് ഉദ്യോഗസ്ഥ എസ്. മൈഥിലിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com