

എല്ലാ സമുദായക്കാർക്കും ഒരേ സ്കൂൾ, പിന്നെ എന്തിനാണ് ശ്മശാനങ്ങൾ വെവ്വേറെ? സർക്കാരിനോട് പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി - file image
ചെന്നൈ: സ്കൂളുകൾ എല്ലാ സമുദായക്കാർക്കും ഒരുപോലെയായിരിക്കെ ശ്മശാനങ്ങൾ മാത്രം എന്തിനാണ് വെവ്വേറെയെന്ന് മദ്രാസ് ഹൈക്കോടതി. മൃതദേഹം ശ്മശാനങ്ങളിലേക്ക് കൊണ്ടുപോവുന്നതിനെ സ്വകാര്യ ഭൂഉടമകൾ തടഞ്ഞതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ചോദ്യം.
തമിഴ്നാട്ടിലെ ശ്മശാനങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതല്ലേ എന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി, ജാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ വേർതിരിക്കപ്പെടുന്നുണ്ടോ എന്നും ആരാഞ്ഞു. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും വിവേചനരഹിതമായ പൊതു ശ്മശാനങ്ങളുണ്ടോ, അതോ വിവിധ സമുദായങ്ങൾക്കായി പ്രത്യേകം ശ്മശാനങ്ങളാണോ ഉള്ളതെന്ന് പരിശോധിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സർവേ നടത്താനും, ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു.
തിരുനെൽവേലി ജില്ലയിലെ നാംഗുനേരി താലൂക്കിലുള്ള കീലാരിയകുളം ഗ്രാമവാസിയായ എസ്. ചെല്ലപ്പ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള ശ്മശാനം ഒരു ജലാശയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, വർഷത്തിൽ ഏകദേശം ആറുമാസവും വെള്ളത്തിനടിയിലായിരിക്കും. ഇക്കാരണത്താൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഗ്രാമവാസികൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് ഹർജിയിൽ പറയുന്നു. മാത്രമല്ല അവിടേക്ക് വഴി ഇല്ലാത്തതിനാൽ ഭൂഉടമകളുടെ കൃഷിഭൂമിയിലൂടെയാണ് പോവുന്നതെന്നും അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ചെല്ലപ്പ ചൂണ്ടിക്കാട്ടി. പൊതു ശ്മശാനത്തിനായി മറ്റൊരു സ്ഥലം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ചില തെരുവുകളിലൂടെ കൊണ്ടുപോകുന്നതും, പൊതു ശ്മശാനങ്ങളിൽ സംസ്കരിക്കുന്നതോ ദഹിപ്പിക്കുന്നതോ തടയപ്പെടുന്നതായി പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തകൾ വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് പി. വേലമുരുകൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് സർക്കാരിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.