തമിഴ്നാട്ടിലെ ക്ഷേത്രഭൂമിയിൽ പെരിയാറിന്‍റെ പ്രതിമ സ്ഥാപിച്ചത് നീക്കാൻ മദ്രാസ് ഹൈക്കോടതി; നാലാഴ്ചയ്ക്കകം മറ്റൊരിടത്തേക്ക് മാറ്റണം

കണ്ടിയൂരിലുള്ള ബ്രഹ്മശിരകണ്ടേശ്വരർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഇ.വി. രാമസാമി നായ്ക്കർ എന്ന പെരിയാറിന്‍റെ പ്രതിമയുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നടപടി

Periyar Statue

പെരിയാർ പ്രതിമ

Updated on: 

മധുര: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പുരാതന ശിവക്ഷേത്രത്തിന്‍റെ ഭൂമിയിൽ സ്ഥാപിച്ച പെരിയാറിന്‍റെ പ്രതിമ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ പ്രതിമ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തഞ്ചാവൂർ ജില്ലാ കലക്റ്റർക്ക് കോടതി നിർദേശം നൽകിയത്.

കണ്ടിയൂരിലുള്ള ബ്രഹ്മശിരകണ്ടേശ്വരർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഇ.വി. രാമസാമി നായ്ക്കർ എന്ന പെരിയാറിന്‍റെ പ്രതിമയുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നടപടി. മധുര സ്വദേശിയായ രാമ രവികുമാറാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ പി. വേൽമുരുകൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1990-ൽ ദ്രാവിഡ കഴകം ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ പ്രതിമ സ്ഥാപിച്ചെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, പ്രതിമ സ്ഥാപിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ്സ് വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

പ്രതിമയ്ക്ക് താഴെ ദൈവത്തിന്‍റെ അസ്തിത്വത്തെ നിരാകരിക്കുന്നതും ദൈവവിശ്വാസികളെ അധിക്ഷേപിക്കുന്നതുമായ ലിഖിതമുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ദൈവമില്ലെന്നും ദൈവത്തെ സൃഷ്ടിച്ചവൻ വിഡ്ഢിയാണെന്നും ദൈവത്തെ പ്രചരിപ്പിക്കുന്നവൻ തെമ്മാടിയാണെന്നും ദൈവത്തെ ആരാധിക്കുന്നവൻ അപരിഷ്‌കൃതനാണെന്നും പറയുന്ന പെരിയാറിന്‍റെ പ്രസംഗഭാഗമാണ് പ്രതിമയ്ക്ക് താഴെ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിരവധി ഭക്തർ എത്തുന്ന ഹിന്ദു ക്ഷേത്രത്തിന്‍റെ പരിസരത്ത് ഇത്തരം ലിഖിതങ്ങളുള്ള പ്രതിമ സ്ഥാപിച്ചത് അനുചിതമാണെന്നും ഹർജിക്കാരൻ വാദിച്ചു.