അഴിമതിക്കേസ്: തമിഴ്നാട് മന്ത്രി പെരിയസ്വാമി വിചാരണ നേരിടണം

പെരിയസ്വാമി ഉൾപ്പെടെ പ്രതികൾ 28 മുതൽ കോടതിയിൽ ഹാജരാകണം.
ഐ. പെരിയസ്വാമി
ഐ. പെരിയസ്വാമി

ചെന്നൈ: തമിഴ്നാട് ഗ്രാമവികസന മന്ത്രിയും ഡിഎംകെ നേതാവുമായ ഐ. പെരിയസ്വാമിയെ അഴിമതിക്കേസിൽ നിന്ന് ഒഴിവാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതിയുടെ നടപടി തെറ്റായ സന്ദേശമാണു നൽകുന്നതെന്നു വ്യക്തമാക്കിയ ഹൈക്കോടതി, പെരിയസ്വാമി വിചാരണ നേരിടണമെന്നു നിർദേശിച്ചു. അടുത്തമാസം 26ന് എംപി- എംഎൽഎമാരുടെ അഴിമതിക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി വിചാരണ ആരംഭിക്കണം. പ്രതിദിന വിചാരണ നടത്തി കേസിൽ തീർപ്പുണ്ടാക്കണം. പെരിയസ്വാമി ഉൾപ്പെടെ പ്രതികൾ 28 മുതൽ കോടതിയിൽ ഹാജരാകണം. ഇവർ ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം. കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി കോടതിയെത്തിക്കണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് നിർദേശിച്ചു.

2008-2009ലെ ഡിഎംകെ സർക്കാരിൽ ഭവന മന്ത്രിയായിരിക്കെ കണ്ണായ ഭൂമി അനുവദിച്ചതിലെ അഴിമതി സംബന്ധിച്ചാണു കേസ്. ഹൈക്കോടതി ഉത്തരവ് തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിന് കനത്ത തിരിച്ചടിയാണ്. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ അഴിമതിക്കേസിൽ കുരുങ്ങുന്ന മൂന്നാമത്തെ മന്ത്രിയാണ് പെരിയസ്വാമി. അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട കെ. പൊന്മുടിയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വി. സെന്തിൽ ബാലാജിയും നേരത്തേ മന്ത്രിസഭയിൽ നിന്ന് പുറത്തായിരുന്നു.

പെരിയസ്വാമിക്കെതിരായ കേസ് സ്വമേധയാ പരിഗണിച്ച ഹൈക്കോടതി, എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെട്ട അഴിമതിക്കേസുകളിൽ ശരിയായ വിചാരണ ഒഴിവാകുന്നത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് ഓർമിപ്പിച്ചു. രാഷ്‌ട്രീയക്കാർക്കെതിരായ വിചാരണ പ്രഹസനമെന്ന് ജനങ്ങൾ ചിന്തിക്കാൻ ഇടനൽകുമെന്നും കോടതി.

നിയമസഭാ സ്പീക്കർ അനുമതി നൽകിയതോടെ പെരിയസ്വാമിക്കെതിരേ വിചാരണ ആരംഭിച്ചിരുന്നെന്ന് മന്ത്രിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു.

എന്നാൽ, നടപടിക്രമം അനുസരിച്ച് ഗവർണറുടെ അനുമതിയാണു വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിചാരണ തടഞ്ഞതെന്നും രഞ്ജിത് കുമാർ പറഞ്ഞു. എന്തുകൊണ്ടാണ് ശരിയായ നടപടിക്രമങ്ങൾക്ക് സംസ്ഥാന വിജിലൻസ് ശ്രമിക്കാത്തതെന്നു ഹൈക്കോടതി ചോദിച്ചു. തുടർന്നാണു വിചാരണയ്ക്ക് ഉത്തരവിട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com