മദ്രസകൾക്ക് സർക്കാർ സഹായം നിർത്തണം: ദേശീയ ബാലാവകാശ കമ്മിഷൻ

മദ്രസ ബോർഡുകൾ പിരിച്ചുവിടണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു
Madrasahs should be closed: National Commission for Child Rights
മദ്രസകൾ അടച്ചുപൂട്ടണം : ദേശീയ ബാലവകാശ കമ്മീഷൻ
Updated on

ന്യൂഡൽഹി: മദ്രസകൾക്കു നൽകുന്ന സർക്കാർ സഹായം നിർത്തലാക്കണമെന്നു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ദേശീയ ബാലാവകാശ കമ്മിഷന്‍റെ നിർദേശം. മദ്രസ ബോർഡുകൾ പിരിച്ചുവിടണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.

മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഒമ്പത് വർഷം നീണ്ട പരിശോധനയ്ക്കുശേഷമാണ് ഈ തീരുമാനമെന്നു പറയുന്ന കത്തിൽ, ഈ സമ്പ്രദായത്തിനെതിരേ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. 1.25 കോടി കുട്ടികളാണു രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി മദ്രസകളിൽ പഠിക്കുന്നത്.

മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്കും വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമെന്നാണു ബാലാവകാശ കമ്മിഷന്‍റെ കണ്ടെത്തൽ.

ഇവ അടച്ചില്ലെങ്കിൽ മറ്റുവഴികൾ തേടുമെന്നു കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനുംഗോ പറഞ്ഞു. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് കമ്മിഷന്‍റെ നീക്കത്തിനു പിന്നിലെന്നു പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും ആരോപിച്ചു.

'വിശ്വാസത്തിന്‍റെ സംരക്ഷകർ അഥവാ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും' എന്ന തലക്കെട്ടിലുള്ള 11 പേജ് കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

  1. മദ്രസകളിൽ നടക്കുന്നത് ഭരണഘടനാ ലംഘനം

  2. മദ്രസകൾ 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല

  3. മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയം

  4. കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് ഈ സംവിധാനം തടസം

  5. മദ്രസകളിൽ പഠിപ്പിക്കുന്നത് ഇസ്‌ലാമിക ആധിപത്യം.

  6. ബിഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാക്കിസ്ഥാനിലെ പുസ്തകങ്ങൾ

  7. യൂണിഫോം, പുസ്തകം, ഉച്ചഭക്ഷണം, പരിശീലനം ലഭിച്ച അധ്യാപകർ തുടങ്ങിയ അവകാശങ്ങൾ ലംഘിക്കുന്നു

  8. അമുസ്‌ലിം കുട്ടികളെ ഉടൻ മദ്രസകളിൽ നിന്നു പൊതുവിദ്യാലയങ്ങളിലേക്കു മാറ്റണം

  9. മുസ്‌ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കണം

  10. ചട്ടം പാലിക്കാത്ത മദ്രസകളുടെ അംഗീകാരം റദ്ദാക്കണം

'കേരളം കള്ളം പറയുന്നു'

കേരളത്തിൽ മദ്രസകളില്ലെന്ന സർക്കാരിന്‍റെ വാദം കള്ളമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനുംഗോ. നേരിട്ടല്ലാതെ മറ്റു വഴികളിൽ സർക്കാർ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടികൾക്കു ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നതിന് യോഗ്യമായ കേന്ദ്രങ്ങളല്ല മദ്രസകളെന്നു ബാലാവകാശ കമ്മിഷൻ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ വിശദീകരിച്ചിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിനു കീഴിൽ സ്കൂളുകളുടെ നിലവാരം സൂക്ഷിക്കാൻ ഇവയ്ക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.

2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു കമ്മിഷന്‍ നിലപാട് അറിയിച്ചത്. യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഹൈക്കോടതി കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കു മാറ്റാൻ നിർദേശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com