Madurai LIC Building Fire accident; manager Was Killed By Colleague

ശാസിച്ചതിന്‍റെ പക, വനിത മാനേജരെ കൊന്നത് സഹപ്രവർത്തകൻ; പെട്രോളൊഴിച്ച് കത്തിച്ചു, വാതിൽ പുറത്തുനിന്ന് പൂട്ടി

ശാസിച്ചതിന്‍റെ പക, വനിത മാനേജരെ കൊന്നത് സഹപ്രവർത്തകൻ; പെട്രോളൊഴിച്ച് കത്തിച്ചു, വാതിൽ പുറത്തുനിന്ന് പൂട്ടി

ഒരു മാസത്തിന് ശേഷമാണ് കൊലപാതകം തെളിഞ്ഞത്
Published on

ചെന്നൈ: എൽഐസി ഓഫിസിലുണ്ടായ തീപിടിത്തത്തിൽ വനിത മാനേജർ കൊല്ലപ്പെട്ട സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. ഒരു മാസത്തിന് ശേഷമാണ് കൊലപാതകം തെളിഞ്ഞത്. മാനേജർ എ. കല്യാണി നമ്പി(56) ഓഫിസിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ‌ ഡി. റാം (46) ആണ് അറസ്റ്റിലായത്.

ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീ പിടുത്തമാണ് അപകടകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കല്യാണിയെ റാം ആസൂത്രിതമായി കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞത്. ഡിസംബർ 17നാണ് കൊലപാതകം നടക്കുന്നത്. അപകടത്തിൽ റാമിനും പൊള്ളലേറ്റ് പരിക്കേറ്റിരുന്നു. മുഖംമൂടി ധരിച്ച ഒരാൾ ഓഫിസിലെത്തി മാനേജരുടെ ആഭരണങ്ങൾ മോഷ്ടിച്ച് ഓഫീസിനു തീയിട്ടു എന്നാണ് റാം പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ അങ്ങനെയൊരാൾ ഓഫിസിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തി.

കല്യാണി നമ്പിയും റാമും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തുകയായിരുന്നു. അപേക്ഷകൾ തീർപ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾക്കു ദിവസവും ഓഫിസിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നു. ഇതിനു പ്രതികാരമായാണ് കൊലപാതകം നടത്തിയത്.

കല്യാണിയുടെ കാബിനിൽ നിന്ന് പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്. മാത്രമല്ല മരണത്തിന് തൊട്ടുമുൻപ് കല്യാണി മകനെ വിളിച്ച് താൻ അപകടത്തിലാണെന്നും പൊലീസിനെ വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. വളരെ ആസുത്രിതമായാണ് റാം കൊലപാതകം നടത്തിയത്. 8.30 ന് കെട്ടിടത്തിലേക്കുള്ള ഇലക്‌ട്രിസിറ്റി കട്ട് ചെയ്തു. തുടർന്ന് തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡിലേക്ക് മെയിൽ അയച്ചും. തുടർന്ന് പ്രധാന ഗ്ലാസ് വാതിൽ പൂട്ടി. കല്യാണിയുടെ കാബിനിൽ കയറി അവർക്ക് മേലെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും റൂം പുറത്തുനിന്ന് പൂട്ടുകയുമയിരുന്നു. തുടർന്ന് സംശയമുണ്ടാവാതിരിക്കാൻ ഇയാൾ സ്വന്തം കാബിനും തീയിട്ടു.

logo
Metro Vaartha
www.metrovaartha.com