കഴുത്തിൽ കലപ്പ കെട്ടി കർഷകൻ, കാളയെ വാങ്ങിക്കൊടുക്കാമെന്ന് നടൻ | Video

മഹാരാഷ്ട്രയിലെ കാർഷിക മേഖല നേരിടുന്ന കൊടിയ പ്രതിസന്ധിയുടെ നേർക്കാഴ്ചയായി, സ്വന്തം കഴുത്തിൽ കലപ്പ കെട്ടി നിലം ഉഴുന്ന വൃദ്ധ കർഷകന്‍റെയും സഹായിക്കുന്ന ഭാര്യയുടെയും വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ കാർഷിക മേഖല നേരിടുന്ന കൊടിയ പ്രതിസന്ധിയുടെ നേർക്കാഴ്ചയായി, സ്വന്തം കഴുത്തിൽ കലപ്പ കെട്ടി നിലം ഉഴുന്ന വൃദ്ധ കർഷകന്‍റെയും സഹായിക്കുന്ന ഭാര്യയുടെയും വീഡിയോ. ബോളിവുഡ് നടൻ സോനു സൂദാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

കർഷകന് നിലമുഴാൻ കാളയെ വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനവും സോനു സൂദ് നൽകിയിട്ടുണ്ട്. ലാത്തൂർ സ്വദേശിയായ 76 വയസുകാരൻ അംബാദാസ് പവാറും ഭാര്യയുമാണ് വീഡിയോയിലുള്ളത്.

സോനു സൂദിന്‍റെ സൂദ് ഫൗണ്ടേഷൻ മുഖേനയാണ് ഇവർക്ക് സഹായം എത്തിക്കുക. കാളകൾക്കു പകരം ഇവർക്കു ട്രാക്റ്റർ നൽകുന്നതായിരിക്കും നല്ലതെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. എന്നാൽ, ഇവർക്ക് ട്രാക്റ്റർ കൈകാര്യം ചെയ്യുന്നതിനെക്കാൾ എളുപ്പം കാളകളായിരിക്കുമെന്ന് സോനു സൂദ് തന്നെ മറുപടിയും നൽകി.

പത്ത് വർഷമായി താനിങ്ങനെയാണ് നിലമുഴുന്നതെന്ന് അംബാദാസ് പവാർ പറയുന്നു. കാളയെ വാങ്ങാൻ പണമില്ലാത്തതാണു കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വീഡിയോ വൈറലായതിനെത്തുടർന്ന് ലാത്തൂർ ജില്ലാ അഗ്രികൾച്ചറൽ ഓഫിസറും പിന്നാലെ സംസ്ഥാന മന്ത്രിയും തന്നെ ബന്ധപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. തനിക്കു നാൽപ്പതിനായിരം രൂപ കടമുണ്ടെന്നും, ഇത് എഴുതിത്തള്ളണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിക്കുന്നു.‌

അതേസമയം, കഴിഞ്ഞ രണ്ടു മാസത്തിനിടെ മഹാരാഷ്ട്രയിൽ 479 കർഷകരാണ് കടബാധ്യത താങ്ങാനാവാതെ ജീവനൊടുക്കിയതെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഏറെയും ഒരു ലക്ഷം രൂപയ്ക്കു താഴെ ബാധ്യതകൾ ഉണ്ടായിരുന്നവരാണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com