
മുംബൈ: ഔറംഗബാദ് അടക്കം രണ്ട് ജില്ലകളുടെ പേര് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഔറംഗബാദിന്‍റെ പേര് ഛത്രപതി സംബാജി നഗർ എന്നും ഉസ്മാനാബാദിന്‍റെ പേര് ധാരാശിവ് എന്നും മാറ്റുകയാണെന്നു കാണിച്ചു കൊണ്ടുള്ള വിജ്ഞാപനം റവന്യു ഡിപ്പാർട്ട്മെന്‍റ് വെള്ളിയാഴ്ച രാത്രി പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രത്യേകം വിളിച്ചു കൂട്ടിയ ക്യാബിനറ്റ് യോഗത്തിലാണ് പേരുമാറ്റത്തിന്‍റെ വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്. രണ്ട് ജില്ലകളും മറാത്ത്‌വാഡ മേഖലയിലുള്ളതാണ്.
2022 ൽ ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്‍റെ അവസാന ക്യാബിനറ്റ് യോഗത്തിൽ രണ്ട് ജില്ലകളുടെയും പേര് മാറ്റാനുള്ള തീരുമാനമെടുത്തിരുന്നു. ഷിൻഡെ സർക്കാരും തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. എന്നാൽ സർക്കാർ നീക്കത്തെ എതിർത്തു കൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതോടെ പേരുമാറ്റം തീരുമാനമാകാതെ നീളുകയായിരുന്നു. അടുത്തിടെയാമ് ഈ ഹർജി കോടതി തള്ളിയത്. മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മകനാണ് ഷത്രപതി സംബാജി. ഇദ്ദേഹത്തെ പിന്നീട് മുഗൾ ചക്രവര്‌ത്തി ഔറംഗസേബ് വധിക്കുകയായിരുന്നു. 1988 മുതൽ ശിവസേന ഔറംഗബാദിന്‍റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.