

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പിന്തുണയുമായി സിജെപി
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) നടത്തുന്ന വിവിധ ഓൺലൈൻ പരീക്ഷകളിലെ പേപ്പർ ചോർച്ച ആരോപണങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയും പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പാർട്ടി അറിയിച്ചു.
ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലെ ദിപ്‌കെയുടെ വീട്ടിലെത്തി ഒരു സംഘം എംപിഎസ്‌സി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിജെപി ഇക്കാര്യം അറിയിച്ചത്. എംപിഎസ്‌സി ചെയർമാനും സെക്രട്ടറിയും രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി. സെപ്റ്റംബർ 24നകം രാജി ആവശ്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ എംപിഎസ്‌സി ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സംസ്ഥാന വ്യാപകമായി പര്യടനം നടത്തുമെന്നും സിജെപി പ്രസ്താവനയിൽ പറഞ്ഞു. ദിപ്‌കെയും സിജെപി പ്രവർത്തകരും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്കൊപ്പം ചേരുമെന്നും പാർട്ടി അറിയിച്ചു.
“ഈ പോരാട്ടത്തിൽ സിജെപിയും ഞാനും എംപിഎസ്‌സി ഉദ്യോഗാർഥികൾക്കൊപ്പമാണ്. എംപിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ രാജി ഉണ്ടാകുന്നതുവരെ ഞങ്ങൾ ഉദ്യോഗാർഥികൾക്കൊപ്പം നിൽക്കും”-എംപിഎസ്‌സി ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ദിപ്‌കെ പറഞ്ഞു.
നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ പരീക്ഷകളിലെ പേപ്പർ ചോർച്ച, ക്രമക്കേടുകൾ എന്നിവയിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എംപിഎസ്‌സി ഉദ്യോഗാർഥികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.