

മഹുവ മൊയ്ത്ര, നരേന്ദ്രമോദി
ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത‍്യയെ സംരക്ഷിക്കാൻ ശക്തമായ ഒരു സർക്കാർ ആവശ‍്യമാണെന്നും മറ്റു പണികൾ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുവെന്നും മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ പഴയ എക്സ് പോസ്റ്റ് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു എംപിയുടെ വിമർശനം.
ഇന്ത‍്യക്ക് ശക്തമായ സർക്കാർ ആവശ‍്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരിച്ചു പോയി ഒരു ചായക്കട തുറക്കാമെന്നും എന്നാൽ രാജ‍്യത്തിന് ഇനിയും സഹിക്കാനാവില്ലെന്നായിരുന്നു മോദിയുടെ പഴയ എക്സ് പോസ്റ്റ്.
ചെങ്കോട്ട സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരിക്കുന്നത്. പൗരന്മാർ സ്വന്തം വീട്ടിൽ മരിച്ചു വീഴുമ്പോൾ ക‍്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ വിമർശനം. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.