
കോൽക്കത്ത: ചോദ്യക്കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എംപിയെ തൃണമൂൽ കോൺഗ്രസ് കൃഷ്ണ നഗർ (നാദിയ നോർത്ത്) ജില്ലാ പ്രസിഡന്‍റായി നിയമിച്ചു. കൃഷ്ണ നഗറിൽ നിന്നുള്ള എംപിയാണു മഹുവ. ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ സഭാംഗത്വത്തിൽ നിന്നു പുറത്താക്കാൻ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കെയാണ് പാർട്ടി നേതൃത്വം പുതിയ ചുമതല നൽകിയത്.
മഹുവയ്ക്കെതിരായ ആരോപണത്തിൽ തൃണമൂൽ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അന്വേഷണം പൂർത്തിയാകട്ടെയെന്നും മഹുവയാണു മറുപടി പറയേണ്ടതെന്നുമായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം. മുൻപും കൃഷ്ണനഗറിലെ പാർട്ടി അധ്യക്ഷയുടെ ചുമതല വഹിച്ചിട്ടുണ്ട് മഹുവ.