രാജസ്ഥാനിൽ പാക് അതിർത്തിക്ക് സമീപം റെയ്ൽവേ പാളത്തിൽ വൻസ്ഫോടനം; തീവ്രവാദ വിരുദ്ധ സേന അന്വേഷണം തുടങ്ങി

സ്ഫോടനത്തെ തുടർന്ന് പാളത്തിലെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്നു

Concrete sleepers on the railway tracks left in a damaged state following the explosion.

സ്ഫോടനത്തെ തുടർന്ന് റെയ്ൽവേ പാളത്തിലെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്നനിലയിൽ

Updated on: 

ജയ്പുർ: രാജസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിക്ക് സമീപം ശ്രീഗംഗാനഗർ ജില്ലയിൽ റെയ്ൽവേ പാളത്തിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തെ തുടർന്ന് പാളത്തിലെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്നു. ഇതോടെ സൂറത്ത്ഗഢ്-അനൂപ്ഗഢ് റൂട്ടിലെ ട്രെയ്ൻ സർവീസുകൾ റദാക്കി. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി 50 ജിബി ഗ്രാമത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയ്ൻ കടന്നുപോയി ഏകദേശം 45 മിനിറ്റിന് ശേഷമായിരുന്നു സ്ഫോടനം. റെയ്ൽവേ ട്രാക്കിന് താഴെയുള്ള രണ്ട് കോൺക്രീറ്റ് സ്ലീപ്പറുകളാണ് തകർന്നത്. കൂടാതെ രണ്ടടി ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തു. ഏകദേശം 200 മീറ്റർ അകലെ താമസിക്കുന്ന ഗ്രാമവാസികൾ സ്ഫോടനശബ്ദം കേട്ട് സ്ഥലത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സ്ഫോടനത്തിന്‍റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിക്കുകയാണ്. സൂറത്ത്ഗഢ്-അനൂപ്ഗഢ്, അനൂപ്ഗഢ്-സൂറത്ത്ഗഢ് പാസഞ്ചർ ട്രെയ്നുകൾ ബുധനാഴ്ച റദാക്കിയതായി നോർത്ത് വെസ്റ്റേൺ റെയ്ൽവേ അറിയിച്ചു.