

മേജർ ഋഷഭ് സിങ് സാംബ്യാൽ
പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ സഹായിയായി സേവനമനുഷ്ഠിക്കുന്നതിനിടെ രാജ്യവ്യാപകമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാരാ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ മേജർ ഋഷഭ് സിങ് സാംബിയാൽ, ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ ഋഷഭിന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ എക്കാലത്തും വൈറലായിരുന്നു.
രാഷ്ട്രപതിക്കൊപ്പം നിഴലായി എപ്പോഴും കൂടെയുണ്ടായിരുന്ന ഋഷഭിന്‍റെ വീഡിയോയ്ക്ക് താഴെ അമ്മയും മകനുമെന്ന് നിരന്തരം കമന്‍റുകൾ ഉയർന്നിരുന്നു. ഋഷഭിന്‍റെ അച്ചടക്കവും പെരുമറ്റവും ലുക്കുമെല്ലാം അദ്ദേഹത്തിന് ഒട്ടനവധി ആരാധകരെ സൃഷ്ടിച്ചു. അങ്ങനെ ഋഷഭ് ഒരു നാഷണൽ ക്രഷായി മാറിയിരുന്നു.
സ്ഥാനമൊഴിഞ്ഞ ശേഷം 2026 ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹം ദ്രൗപതി മുർമുവിനെ കാണുകയും ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ വൈറലാകുകയും ചെയ്തു. രാഷ്ട്രപതിയുടെ മാർഗനിർദേശത്തിനും അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ സന്ദർശനത്തെ കാണുന്നതെന്ന് അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം കുറിച്ചു.
12 വർഷത്തെ സൈനിക ജീവിതം അവസാനിപ്പിച്ചാണ് ഋഷഭ് സ്വയം വിരമിക്കൽ പ്രഖ്യാപിച്ചത്. അതിന്‍റെ കാരണവും അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സൈന്യത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്നും ഈ തീരുമാനത്തിന് കുടുംബം പൂർണ പിന്തുണ നൽകിയെന്നും അദ്ദേഹം പറയുന്നു. സൈന്യത്തിൽ ചേരുക എന്നത് തന്‍റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നെന്നും എന്നാൽ ഈ യൂണിഫോം ഇത്ര വേഗം ഊരിവയ്ക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.