
ഉപരാഷ്ട്രപതിക്കെതിരേ കോടതിയലക്ഷ‍്യ ഹർജി സമർപ്പിച്ച് മലയാളി അഭിഭാഷകൻ
ന‍്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരേ സുപ്രീം കോടതിയിൽ കോടതിയലക്ഷ‍്യ ഹർജി സമർപ്പിച്ച് മലയാളി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ബില്ലുകളിൽ തീരുമാനങ്ങളെടുക്കാൻ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കു സമയപരിധി നിശ്ചയിച്ച സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ചതിനാണ് അഭിഭാഷകൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ജുഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടിയെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഉപരാഷ്ട്രപതിക്കെതിരേ നടപടിയെടുക്കണമെന്നാവശ‍്യപ്പെട്ട് അറ്റോർണി ജനറലിന് സുഭാഷ് മുൻപ് കത്ത് നൽകിയിട്ടുണ്ടായിരുന്നു.
അതേസമയം, ബില്ലുകളിൽ തീരുമാനങ്ങളെടുക്കാൻ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് സമയപരിധി നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
രാഷ്ട്രപതിയെ കോടതികൾ നയിക്കുന്ന സാഹചര‍്യം ഉണ്ടാവാൻ പാടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.