
മിന്നൽ പ്രളയം; ഉത്തരാഖണ്ഡിൽ കുടുങ്ങി മലയാളി തീർഥാടകർ, സുരക്ഷിതരെന്ന് മലയാളി സമാജം
ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. ചൊവ്വാഴ്ച ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബന്ധുക്കളാണ് രംഗത്തെത്തിയത്.
28 പേരടങ്ങിയ സംഘമാണ് തീർഥാടനത്തിനായി പുറപ്പെട്ടത്. ഇതിൽ 20 പേർ മുംബൈ സ്വദേശികളായ മലയാളികളും 8 പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ഇവരെ അവസാനമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഹരിദ്വാറിൽ നിന്നും ഗംഗോത്രിയിലേക്ക് പുറപ്പെടുന്നുവെന്നാണ് അവർ പറഞ്ഞിരുന്നതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം ആളുകൾ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.