Maldives President Muizzu arrives in India
സൗഹൃദവഴിയിൽ മാലദ്വീപ്; സഹായം നൽകി ഇന്ത്യ

സൗഹൃദവഴിയിൽ മാലദ്വീപ്; സഹായം നൽകി ഇന്ത്യ

ഇന്ത്യ 40 കോടി ഡോളറിന്‍റെ (3360 കോടി രൂപ) സഹായം നൽകും
Published on

ന്യൂഡൽഹി: പ്രതിസന്ധി ഘട്ടത്തിൽ ആശ്രയം തേടിയ മാലദ്വീപിന് സാമ്പത്തിക സഹായവും വികസനപദ്ധതികൾക്കു പിന്തുണയും പ്രഖ്യാപിച്ച് ഇന്ത്യ. 5 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകുന്ന തീരുമാനം. ദ്വീപിന് 40 കോടി ഡോളറിന്‍റെ (3360 കോടി രൂപ)യുടെ കൂടി സഹായം പ്രഖ്യാപിച്ച ഇന്ത്യ, തുറമുഖം, റോഡ്, സ്കൂൾ, ഭവന നിർമാണമേഖലകളിലും സഹകരിക്കാൻ ധാരണയായി. നേരത്തേ, ഇന്ത്യ 50 കോടി ഡോളർ സഹായം നൽകിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ 3000 കോടിയുടെ കറൻസി കൈമാറ്റത്തിനും ദ്വീപിൽ റുപേ കാർഡ് ഉപയോഗത്തിനുമുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. മുഹമ്മദ് മുയ്സു പ്രസിഡന്‍റായതോടെ ഉലഞ്ഞ ഉഭയകക്ഷി ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതാണു കരാർ. തിങ്കളാഴ്ച ഹൈദരാബാദ് ഹൗസിലായിരുന്നു മോദിയുമായി കൂടിക്കാഴ്ച. ചൈനാ പക്ഷപാതിയായ മുയ്‌സു, മാലദ്വീപിന്‍റെ കീഴ്‌വഴക്കങ്ങൾ അവഗണിച്ച് പ്രസിഡന്‍റായശേഷമുള്ള ആദ്യ വിദേശയാത്ര തുർക്കിയിലേക്കാണു നടത്തിയത്. പിന്നീട് ചൈന സന്ദർശിച്ച മുയ്‌സു, ഇന്ത്യൻ സേന ദ്വീപ് വിടണമെന്നതടക്കം കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ടൂറിസം മേഖലയിലെ തിരിച്ചടികളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായത് ഇന്ത്യയോടുള്ള എതിർപ്പ് മയപ്പെടുത്താൻ മുയ്‌സുവിനെ നിർബന്ധിതനാക്കി. ഒരു മാസത്തേക്ക് ഇറക്കുമതിക്കുള്ള വിദേശനാണയ ശേഖരം മാത്രമാണ് ഇനി ദ്വീപിന്‍റെ ഖജനാവിലുള്ളത്.

ഇന്ത്യയ്ക്ക് ഹാനികരമാകുന്ന ഒരു നീക്കവും മാലദ്വീപിൽ നിന്നുണ്ടാവില്ലെന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കു മുൻപ് മുയ്സു പറഞ്ഞിരുന്നു. ഇന്ത്യൻ സേന പുറത്തുപോകണമെന്ന നിലപാട് ആഭ്യന്തരമായ ആവശ്യമായിരുന്നെന്ന് അദ്ദേഹം ഇന്ത്യയിലെത്തിയശേഷം വിശദീകരിച്ചു. സാമ്പത്തിക- സമുദ്ര സുരക്ഷാ പങ്കാളിത്തം, ഹുൽഹുമാലിയിൽ നിർമിച്ച 700 സാമൂഹിക ഭവനങ്ങളുടെ കൈമാറ്റം തുടങ്ങിയ കരാറുകളും തിങ്കളാഴ്ച ഒപ്പുവച്ചു. ദ്വീപിന്‍റെ തീരസംരക്ഷണസേനാ കപ്പൽ ഹുറാവി സൗജന്യമായി നവീകരിച്ചു നൽകാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി മാലദ്വീപ് സന്ദർശിക്കും

മാലദ്വീപ് സന്ദർശിക്കാനുള്ള പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സുവിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. സൗകര്യപ്രദമായ സമയം പിന്നീട് തീരുമാനിക്കും. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലാണു മുയ്സു ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി. മുയ്‌സുവിന് ആതിഥ്യമരുളിയതിൽ സന്തോഷമുണ്ടെന്നു മോദി പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നു മുയ്‌സുവും പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദർശനത്തിനെത്തിയ മുയ്സുവിന് രാഷ്‌ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി മുയ്സു കൂടിക്കാഴ്ച നടത്തി.

നേരത്തേ, ലക്ഷദ്വീപ് സന്ദർശിച്ച മോദി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചതിനെ മാലദ്വീപ് മന്ത്രിമാർ ആക്ഷേപിച്ചതും മുയ്‌സുവിന്‍റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങളും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിരുന്നു. ജൂണിൽ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മുയ്‌സു എത്തിയതോടെയാണു പിരിമുറുക്കം അയഞ്ഞത്.