

ഇന്ത്യാ സഖ്യത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് ഉച്ചഭക്ഷണം ഒരുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ഡൽഹിയിലെ ജൻപഥിലുള്ള സാഗർ രത്ന റസ്റ്റോറന്‍റിലാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ സ്വീകരിക്കേണ്ട അടുത്ത നടപടികളെക്കുറിച്ച് എംപിമാർ ചർച്ച ചെയ്യുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് ഒരു പകലും രാത്രിയും നീണ്ട വൻ പ്രതിഷേധ മാർച്ച് അരങ്ങേറിയത്. ഇതിന്‍റെ പിറ്റേദിവസം തന്നെ കോൺഗ്രസ് അധ്യക്ഷന്‍റെ നേതൃത്വത്തിൽ വിരുന്ന് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ സജീവമായി പങ്കെടുത്തിരുന്നു. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം തുടങ്ങിയവയിലെ എംപിമാർ മാർച്ചിൽ അണിനിരന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണാൻ ഉദ്ദേശിച്ചായിരുന്നു മാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുലും സംഘവും തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് സമീപത്തെ ആകാശവാണി ഭവനിൽ എട്ട് മണിക്കൂറിലധികം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. ഒടുവിൽ രാത്രി പൊലീസ് ബലമായി എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് രാത്രി പത്തോടെ വിട്ടയച്ചത്.